DCBOOKS
Malayalam News Literature Website

ഫോർമാലിൻ ഗന്ധമുള്ള നോവൽ

രജത് ആറിന്റെ ‘ബോഡി ലാബ്’ എന്ന പുസ്തകത്തിന് ജിയോ ജോർജ് എഴുതിയ വായനാനുഭവം 

മരിച്ച് പോയ മനുഷ്യരാണ് ഏറ്റവും കൂടതൽ കഥ പറയുന്നത്. ജീവിച്ചിരിക്കുന്നവരേക്കാൾ കൂടതൽ കഥകൾ അവർ വെളിപ്പെടുത്തുന്നു. ഫോർമാലിൻ ലായിനിയുടെ ഗന്ധമുള്ള അനാട്ടമിലാബുകളിലും അതിന്റെ ഇടനാഴികളിലും, മോർച്ചറികളിലും അവർ അദൃശ്യരായി നിലകൊള്ളുന്നു എന്നാണ് എന്റെ സങ്കല്പം. അപ്പോൾ വെളിപ്പെടുന്ന നിഗൂഢമായ കഥകൾ സത്യത്തിലേക്കുള്ള പാതയാണ്. അവരിലൂടെ ലഭ്യമാവുന്ന ശാസ്ത്രീയമായ തെളിവുകളും നിഗമനങ്ങളും അഴിയാക്കുരുക്കുകൾക്കൊരു പ്രതിവിധിയാവുന്നു. അങ്ങനെയുള്ള ഒരു കഥയാണ്
ഡിസി അപ്മാർക്കറ്റ് ഫിക്ഷനിലൂടെ പുറത്തിറങ്ങിയ രജത് ആറിന്റെ ‘ബോഡിലാബ് ‘. അതിലുപരി സമൂഹത്തെയാകെ ഗ്രസിച്ചു നിൽക്കുന്ന, ആഴത്തിൽ വേരൂന്നിയ അനേകം വിഷവൃക്ഷങ്ങളിലൊന്നിനെയാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്.

ഡി. കെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അവിടേക്ക് ലക്ചറായി ജോലിക്കെത്തുന്ന എല്ലുകൾ പൊടിയുന്ന അപൂർവ്വ രോഗം ബാധിച്ച അഹല്യയെന്ന ഇരുപത്തിയഞ്ചുകാരി ഡോക്ടർ. അഞ്ചാം നമ്പർ ടേബിളിൽ തന്റെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി തിരഞ്ഞെടുത്ത ഫീമെയിൽ കഡാവർ അവിടെയാണ് Textഎല്ലാത്തിന്റെയും ആരംഭം. നിഗൂഢതകളിലേക്കുള്ള പ്രയാണമാണ് പിന്നീടുള്ള പേജുകൾ.

സഹാതാപവും പരിഹാസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അവയെ ബോധപൂർവ്വം അവഗണിക്കാൻ എല്ലാവർക്കും എപ്പോഴും കഴിയണമെന്നില്ല.  അഥവാ അവഗണിച്ചാലും ഹൃദയത്തിൽ ഒരു ചെറു മുറിവെങ്കിലും അവയവശേഷിപ്പിക്കും. അഹല്യയെ പരിചയപ്പെടുത്തിയ ശേഷം ഇടക്ക് വരുന്ന വാചകങ്ങൾ ആ കഥാപാത്രത്തിന്റെ ഡെപ്ത് എത്രത്തോളമെന്നതിന് സൂചനയാണ്. ചുറ്റുപാടുകൾക്ക് വലിയൊരു പ്രാധാന്യം ബോഡിലാബിനുണ്ട്. കഥ നടക്കുന്നത് ഒരു മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലാണ്. അതിനുള്ളിലെ ഇരുട്ടും, നിശബ്ദതയും ചേർന്ന് സൃഷ്ടിക്കുന്ന നിഗൂഢമായ ഭീതി. അരിച്ചിറങ്ങുന്ന മരണത്തിന്റെ തണുപ്പ് ഇവയൊക്കെ എടുത്ത് പറയേണ്ടവയാണ്.

യുക്തിയുടെ പ്രാധാന്യം ക്രൈം ഫിക്ഷനുകളിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കുമറിയാവുന്നതാണ്. എഴുത്തുകാരന്റെ ഫീൽഡുമായി നോവലിന് ബന്ധമുള്ളതിനാൽ അറിവുകളുടെ ഒരു ചെറുഖനി കൂടിയാണ് ബോഡിലാബ്. അനാട്ടമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുടെ ഉറക്കം തൂങ്ങി ഉപദേശ ക്ലാസാവും എന്ന ചിന്ത കാറ്റിൽ പറത്തിയാണ് നോവലിന്റെ അവതരണം. നോവലിസ്റ്റിന്റെ ആദ്യ ഗ്രന്ഥമായ ഒന്നാം ഫോറൻസിക് അദ്ധ്യായം വ്യക്തിപരമായി പൂർണ്ണ സംതൃപ്തി തന്നില്ലെങ്കിലും ബോഡിലാബിൽ ആ പരാതിയില്ല.ഉന്നത നിലവാരം പുലർത്തുന്ന നല്ലൊരു Mystery Thriller എന്ന് ഈ നോവലിനെ വിശേഷിപ്പിച്ചാലും കുഴപ്പമില്ല. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഡോ. ബി ഉമാദത്തൻ , ഡോ ഷേർലി വാസു തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾക്ക് ശേഷം മെഡിക്കൽ ഫീൽഡും, കുറ്റാന്വേഷണവും സാധാരണക്കാർക്ക് ലളിതമായി പരിചയപ്പെടുത്തിയ ഫിക്ഷൻ നോവലാണ് ബോഡി ലാബ്.

സമീപകാല മലയാളം ക്രൈം ഫിക്ഷനുകളുടെ പതിവ് രീതികളെ ആകപ്പാടെ തിരുത്തിയെഴുതിയ നോവലായിട്ടാണ് ബോഡിലാബ് അനുഭവപ്പെട്ടത്. കുറ്റാന്വേഷണ നോവലുകൾ പിന്തുടരുന്ന സ്ഥിരം പാതകളിൽ നിന്നും വ്യതിചലിച്ചുള്ള ഇത്തരം നോവലുകൾ മറ്റ് ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യപ്പെടുന്നത് പ്രത്യേകിച്ച് ഇംഗ്ലീഷ് പരിഭാഷ ഉണ്ടാവുന്നത് മലയാള സാഹിത്യത്തിനും എഴുത്തുകാർക്കും, പ്രസാധകർക്കും
ഒരേപോലെ ഗുണകരമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.