DCBOOKS
Malayalam News Literature Website

ജീവനുള്ള എല്ലാവരും ഒരിക്കൽ നമ്മേ വേദനിപ്പിക്കുന്നവരാകും…!

രജത് ആറിന്റെ ‘ബോഡി ലാബ്’ എന്ന പുസ്തകത്തിന് വിഷ്ണു എഴുതിയ വായനാനുഭവം

“സംഭാഷണങ്ങൾ നിലയ്ക്കട്ടെ . ചിരികൾ അപ്രത്യക്ഷമാവട്ടെ . എന്തെന്നാൽ ഇത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ ആഹ്ലാദിക്കുന്നയിടമാവുന്നു.”

പ്രിയപ്പെട്ട ഡോക്ടർ രജത് ഒരു വായനക്കാരൻ എന്ന നിലയിൽ ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു. ഈ നൽകിയ വായനാനുഭവത്തിന്. പ്രവേശനമില്ല എന്ന ബോർഡ് വച്ച് നിഷേധിച്ച ഇടങ്ങളിൽ സ്വതന്ത്രമായി കടത്തിവിട്ടതിന്. മൃതൃദേഹങ്ങൾക്ക് ഒപ്പം അന്തിയുറക്കിയതിന്. ഫോർമാലിൻ ഗന്ധത്തിൽ നിന്ന് ജീവന്റെ പിടപ്പിനെ കാണിച്ച് തന്നതിന്. ജീവനില്ലാത്തവയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്. അങ്ങയുടെ വാക്കുകൾ കടമെടുത്താൽ ” ജീവനുള്ള എല്ലാവരും ഒരിക്കൽ നമ്മേ വേദനിപ്പികുന്നവരാകും ” .

ഈ പുസ്തകദിനത്തിൽ ഭാര്യ സമ്മാനമായി തന്ന രണ്ട് ബുക്കുകൾ . രജത് . ആറിന്റെ ഒന്നാം ഫോറൻസിക് അദ്ധ്യായവും , ബോഡി ലാബും . അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ് ബോഡി ലാബ് എന്നറിഞ്ഞിട്ടും എന്ത് കൊണ്ടോ അത് തന്നെ ആദ്യ വായനയ്ക്ക് തിരഞ്ഞെടുത്തു. ഈ പുസ്തകം ഞാൻ എന്റെ വായനാമുറിയിൽ ഇരുന്നാണ് വായിച്ചതെങ്കിലും. മനസ്സ് പൂർണ്ണമായും രണ്ട് മാസങ്ങൾക്ക് മുൻപ് പോകേണ്ടിവന്ന കളമശേരി Textമെഡിക്കൽ കോളേജും, അവിടുത്തെ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് പരിസരവുമായിരുന്നു. എന്തോ ഈ നോവലിന്റെ പരിസരത്തെ ഞാൻ അവിടെക്ക് മാറ്റി നട്ടു എന്ന് പറയാം. കാരണം. അഹല്യ ആദ്യമായി ഡി. കെ . മെഡിക്കൽ കോളേജ് കണ്ടതുപോലെ തന്നെയാണ് ഞാൻ കളമശേരി മെഡിക്കൽ കോളേജ് കണ്ടതും അറിഞ്ഞതും, അനുഭവിച്ചതും.

മലയാള വായനാ ചരിത്രം പരിശോധിച്ചാൽ കുറ്റാന്വേക്ഷണ നോവലുകൾക്ക് പണ്ട് കൽപ്പിച്ച് നൽകിയിരുന്ന രണ്ടാംകിട വിലക്ക് പൂർണ്ണമായി മാറിവരുന്നത് കാണാം. രജത് .ആറിനെ പോലെയാണ് നിങ്ങൾ കുറ്റാന്വേക്ഷണ കഥ പറയുന്നതെങ്കിൽ അതിൽ ജീവിതത്തിന്റെ ഗന്ധവും, സങ്കീർണ്ണതയുടെ താളവും, ജീവതത്തോടുള്ള സന്ധിയില്ലാത്ത സമരവും പ്രകടമാകും. അത് കൊണ്ട് തന്നെ ബോഡീലാബ് വായിക്കപ്പെടെണ്ട രചനയാണ്. തന്റെ തൊഴിൽ പരിസരത്ത് നിന്ന് ഇത്തരം ഒരു കഥ വികസിപ്പിക്കാൻ അദ്ദേഹം എടുത്ത അധ്വാനം പ്രശംസിക്കാതെ വയ്യ. എന്നാൽ ആ തൊഴിൽ പരിസരത്തെ സങ്കീർണ്ണതകളെ വായനക്കാരിൽ ലളിതമായി എംബാം ചെയ്യുന്നു രചയിതാവ്. വായനക്കാർ അറിയാതെ അവർ ഒരു ഡോക്ടർ ആയി മാറുന്ന മാജിക്.

ഒരു സ്വാശ്രയ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ MBBS വിദ്യാർത്ഥികളെ ശരീരശാസ്ത്രം പഠിപ്പിക്കാൻ എത്തുന്ന 21കാരിയായ ഡോക്ടർ അഹല്യയിലൂടെയാണ് കഥാപശ്ചാത്തലം വികസിതുന്നത്. എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു കഡാവറിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറുന്നു. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസിലായി.നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോല ഹൃദയർക്ക് ചേർന്നതല്ല. പക്ഷേ അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.

ഈ രചന മനുഷ്യന്റെ എല്ലാവിധ ഭാവങ്ങളേയും പ്രകടമാക്കുന്നു. വറീത് ഉളള് വല്ലാതെ ഒന്ന് നീറ്റി , കണ്ണ് ചെറുതായി ഒന്ന് നനച്ചു.

“മനുഷ്യരെല്ലാവരും അവിടെ ഒന്ന് പോലെയാണ്”

പ്രിയപ്പെട്ട ഡോക്ടർ ഒന്ന് പറയാം. ഈ വായനയ്ക്ക് ശേഷം എന്നിൽ ഫോർമാലിന്റെ ഗന്ധം ഞാൻ അനുഭവിച്ചു. കൈയ്യിൽ മഞ്ഞ നിറത്തിലെ കൊഴുപ്പ് ഞാൻ അറിഞ്ഞു. പുറത്ത് രണ്ട് നക്ഷത്രങ്ങൾ മോക്ഷം കിട്ടയതു പോലെ കൂടതൽ ശോഭയിൽ തിളങ്ങി. ഞാൻ കഡാവറിനെ ആലിംഗനം ചെയ്തു.

മനുഷ്യ സംസ്കാരത്തിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെടുന്ന ആണികളാണ് അസ്വാഭാവിക മരണങ്ങൾ . ആണിയടിക്കുന്നവരെ കൃത്യസമയത്തു തന്നെ തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്തില്ലെങ്കിൽ മനുഷ്യത്വം ശവപ്പെട്ടികളിൽ എന്നെന്നേക്കുമായി സംസ്കരിക്കപ്പെടും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.