ഒറ്റയക്ക് യാത്ര ചെയ്യാന്‍ തയ്യാറുള്ളവരെ കാത്ത് മലമുകളില്‍ ചില ദൈവാനുഭവങ്ങളൊക്കെ ഉണ്ട്: ഫാ.ബോബി ജോസ് കട്ടിക്കാട്
ധൈര്യം ഒരു കനത്ത കവചമാണ്
ഒറ്റയക്ക് യാത്ര ചെയ്യാന്‍ തയ്യാറുള്ളവരെ കാത്ത് മലമുകളില്‍ ചില ദൈവാനുഭവങ്ങളൊക്കെ ഉണ്ട്…….
കൊട്ടാരത്തിലെ അലക്കുകാരന്‍ സുമതുചാച്ച ഹിമാലയത്തിലെയ്ക്കു പോവുകയാണ് ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്ര.. സിദ്ധാര്‍ത്ഥന്‍ ചോദിക്കുന്നുണ്ട് എങ്ങനെയാണ് ഇങ്ങനെയൊക്കെ പോവനാവുക ? സുമതുചാച്ച : രാജപ്രജ വ്യത്യാസമില്ലാതെ എല്ലാവരിലും ഉള്‌ലുണ്ണര്‍വുണ്ട്. ധൈര്യം ഒരു കനത്ത കവചമാണ് രാജകുമാരാ…..സിദ്ധാര്‍ത്ഥന്‍ തന്റെ വജ്രമോതിരം ഊരി അയാള്‍ക്കു കൊടുക്കുന്നു. എന്നാല്‍ അയാളത് സ്‌നേഹപ്പൂര്‍വ്വം നിരസിക്കുന്നു. ഈ യാത്രയില്‍ അവനവനൊഴികെ ബാക്കിയെല്ലാം ഭാരമാണെന്ന് സുമതുചാച്ച സിദ്ധാര്‍ത്ഥനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
തിരിച്ചിറക്കമില്ലാത്ത ഒരു യാത്രയാണ് ഇത്. പക്ഷെ അവരാവട്ടെ സ്വന്തം മുഖം കണ്ണാടിയില്‍ കാണുകയും അല്‍പനേരം കൊണ്ടു മറന്നുപോവുകയും ചെയ്യുന്നു. അവര്‍ക്കിപ്പോഴും ഈജ്പ്തിലെ ഇറച്ചിക്കലങ്ങള്‍ തന്നെ ഇഷ്ട്ടം. അവരവരുടെ ഇഷ്ട്ടം അവരവരുടെ മരണത്തിനു കാരണമാകുന്നു. സിഗരറ്റ് വലിയുടെ അറ്റത്ത് കാന്‍സര്‍ ഉള്ളതുപോലെ…. മദ്യപാനത്തിന്റെ അറ്റത്ത് കരള്‍വീക്കം ഉള്ളതുപോലെ….. ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ അറ്റത്ത്…………?
തന്റെ പിന്നാലെ വരുന്ന ചെറുപ്പക്കാരോട് ആ നസ്രത്തിലെ നിങ്ങളുടെ സ്‌നേഹിതന്‍ ചോദിക്കുന്നുണ്ട് ‘ എന്താണ് നിങ്ങള്‍ എന്നില്‍ അന്വേഷിക്കുന്നതെന്ന്‘ ?
ഒരു ക്ലാരിറ്റി ഉണ്ടാക്കിയെടുക്കകയാണ് പ്രധാനം. ഈ യാത്രയുടെ ലക്ഷ്യം. അതെ അതു തന്നെയാണ് ഇപ്പോഴും തിരയുന്നത്. എന്താണ് ഞാന്‍ അവനില്‍ തിരയുന്നത് ? ആകാശപറവകള്‍ക്കു കൂടും കുറുനരികള്‍ക്ക് മാളവുമുള്ള ഈ ഭൂമിയില്‍ മനുഷ്യപുത്രന് തലച്ചായ്ക്കാന്‍ ഇടമില്ല എന്നൊക്കെ പറഞ്ഞ് അവന്‍ നിങ്ങളെ തകര്‍ക്കും….. വാളാണ് അവന്റെ കൈയില്‍… അതു നിങ്ങളെ നിരന്തരം വിഭജിച്ചുകൊണ്ടേയിരിക്കും…….
ധൈര്യമുണ്ടോ ഒറ്റയക്ക് യാത്രചെയ്യാന്‍ ? എങ്കില്‍ അവന്‍ നിങ്ങള്‍ക്കൊരാശീര്‍വ്വാദം തരും……
മുകളിലിരിക്കുന്നവന്‍ നിങ്ങളുടെ അപ്പനാണെന്ന്……………..
ഇനി മിഴിപ്പൂട്ടി മെല്ലെ ആ അപ്പന്റെ വിരല്‍ത്തുമ്പില്‍തൂങ്ങി നടന്നോ.. പിടിവിടുവിച്ചു ഓടാന്‍ നോക്കേണ്ട.. ഓടിയാല്‍ പിടിമുറുകുകയും കുപ്പിവളകളെല്ലാം ഉടഞ്ഞുപോവുകയും ചെയ്യും. ഈ സല്‍പേരിന്റെയും സൗന്ദര്യത്തിന്റെയും കൂട്ടിന്റെയും സമ്പത്തിന്റെയും അഹത്തിന്റെയും എല്ലാ കുപ്പിവളകളും ഉടഞ്ഞുപോയലെന്താ അപ്പന്റെ പിടിമുറുകിയല്ലോ…
ധൈര്യം ഒരു കവചമാണ്…
വയല്‍ പൂക്കള്‍………….
ഒരു നിര്‍വൃതിയിലെന്നപോലെ നദിയിലേക്കു നോക്കിയിരുന്ന വൃദ്ധനോട് ഞാന്‍ ചോദിച്ചു ‘ താങ്കള്‍ എന്തു കാണുന്നു ?’
ഒഴുക്കില്‍നിന്ന് മിഴികള്‍ ഉയര്‍ത്താതെ അയാള്‍ പറഞ്ഞു : ‘ ഒഴുകി തീര്‍ന്നു കൊണ്ടിരിക്കുന്ന എന്റെ ജീവിതത്തെ’….
ആ സ്വരം അസ്വസ്ഥമായിരുന്നില്ല……
ജീവിതത്തെക്കുറിച്ചുള്ള പല അറിവുകളും അനുഗ്രഹമോ ആശ്വാസമോ ആയി മാറുന്നില്ല എന്ന അനുഭവത്തോടുകൂടിയാണ് നാം ഈ പുലരിയിലേയ്ക്ക് പ്രവേശിക്കുന്നത് അല്ലെങ്കില്‍ ഓരോ ദിവസവും കടന്നുപോകുന്നത്. കടന്നുപോകുന്ന ദിനരാത്രങ്ങളിലൂടെ നമ്മുടെ ജീവിതം ഒഴുകി തീരുകയാണോ അതോ ഒഴുകി എത്തുകയാണോ എന്ന ചോദ്യം നമ്മെ ആശ്ചര്യപ്പെടുത്തുന്നു.
നരച്ചുതുടങ്ങുന്ന ഒരു ചെറിയ തലമുടിക്കുപോലും അസ്വസ്ഥമാക്കുവാന്‍ കഴിയുന്ന ഒരു മനസ്സുള്ള നമ്മള്‍ ഇത്തരം ചോദ്യങ്ങളെ അവഗണിച്ച് കളയുകയാണ് പതിവ്. സാരമായ കാര്യങ്ങളെക്കുറിച്ചുള്ള നിസ്സാരമായ ചോദ്യങ്ങള്‍ ദൈവകൃപയാല്‍ അലങ്കരിക്കപ്പെട്ട ജീവിതമാണ് തന്റെതെന്ന് തിരിച്ചറിയുന്ന ഒരാള്‍ക്ക് മാത്രമേ പ്രശാന്തതയോടെ ഈ ചോദ്യത്തെ ധ്യാനിക്കാനാവൂ….
എപ്രകാരമാണ് നമ്മുടെ ജീവിതം അലങ്കരിക്കപ്പെട്ടിട്ടുള്ളത് ?
കളപ്പുരകള്‍ നിറഞ്ഞുകവിയുന്ന രീതിയില്‍ വിളവുകൊണ്ട് അനുഗ്രഹീതനായ ഒരുവനെ സുവിശേഷം ‘ഭോഷനെന്നു’ വിളിക്കുന്നു. അഭിവൃദ്ധി എല്ലായിപ്പോഴും അലങ്കാരമാകുന്നില്ല, പ്രത്യേകിച്ച് അനുഗ്രഹമായി കിട്ടിയ സമ്പത്തില്‍ ഒരുവന്‍ സ്വയം ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമ്പോള്‍.
വിജ്ഞാനവും ഒരു അലങ്കരമാകുന്നില്ല എന്ന് പഠിപ്പിച്ചുകൊണ്ടാണ് സോളമന്‍ രാജാവിന്റെ മഹത്വകിരീടത്തിനു മുകളിലായി യേശു വയല്‍പൂക്കളെ സ്ഥാപിക്കുന്നത്. ഒരു വയല്‍പൂവുപോലെ ജീവിക്കുകയെന്നതാണ് ഏറ്റവും ഉയര്‍ന്ന അലങ്കാരം…
ഭൂമിയിലെ ഒരു തോട്ടക്കാരന്റെയും പ്രത്യേക പരിഗണന ആവശ്യപ്പെടാതെ വളരുകയും പുഷ്പ്പിക്കുകയും ഇല്ലാതാവുകയും ചെയ്യുന്ന ഒരു സാധാരണ ജീവിതക്രമം. വിളവോരുക്കാതെ, നൂല്‍നൂല്‍ക്കാതെ, ആകാശത്തിലെ കിളികളുടെതുപോലുള്ള, പരിപാലനയില്‍ ആശ്രയിച്ചു നില്ല്ക്കുന്ന ജീവിതശൈലി..
ജീവിതത്തിനുശേഷം ഭൂമിയില്‍ എന്ത് അവശേഷിപ്പിച്ചു എന്നതിനെ ആശ്രയിച്ച് ഒരുവന്റെ മഹത്വത്തെ നിര്‍ണ്ണയിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ജീവിതശൈലി വെല്ലുവിളിയായിത്തീരുന്നു. സ്മാരകങ്ങള്‍ അവശേഷിപ്പിക്കാതെ നിനക്ക് ജീവിക്കാനാകുമോ എന്നതാണ് ആ ചോദ്യം.
‘ സോളമനു ശേഷം ദൈവാലയം അവശേഷിച്ചു’
‘ധനികനുശേഷം കളപ്പുരകള്‍ അവശേഷിച്ചു’
എന്നാല്‍, വയല്‍പ്പൂക്കള്‍ക്കുശേഷം………….
(‘ശൂന്യത’ എന്നു ചിന്തിക്കുന്നതിനു പകരം ‘ഒരല്‍പ്പം സുഗന്ധം’ എന്ന് ചിന്തിക്കുവാന്‍ നമ്മുടെ മനസ്സുകളെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു ഒപ്പം ദൈവ പരിപാലനയില്‍ ആശ്രയിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ എന്ന പ്രാര്‍ത്ഥനയും)
ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍ ‘‘രമണീയം ഈ ജീവിതം’, ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക്!
പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കടപ്പാട് : ഫാ.ബോബി ജോസ് കട്ടിക്കാട്
http://ulkkazhcha.blogspot.com/2016/10/blog-post.html
Comments are closed.