മാര്‍ക്‌സിലെ കറുപ്പും പച്ചയും
വളര്‍ന്നു വരുന്ന ദലിതമുന്നേറ്റങ്ങളോടുള്ള മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനം ഇപ്പോഴും സൈദ്ധാന്തിക അന്വേഷണങ്ങളെ കൂടാതെയുള്ള അടവുപരമായ നിലപാടുകള്‍ മാത്രമാണ്
അഡ്വ. വിനോദ് പയ്യട
ഇന്ത്യയിലെ സവിശേഷമായ ജാതിയെ വര്‍ഗത്തിന്റെ വിശകലനത്തിനകത്ത് ഉള്‍പ്പെടുത്തുന്നതിനായി രണ്ട് കാര്യങ്ങളാണ് നവമാര്‍ക്‌സിസ്റ്റുകള്‍ ഉന്നയിക്കാറുള്ളത്. മാര്‍ക്‌സ് ജാതിയെ തൊഴില്‍വിഭജനമായി കണ്ടിരുന്നുവെന്നും ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് ജാതിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടെന്നും ഉള്ളത്. ജാതിയുടെ ഉത്ഭവത്തെ ഭൗതീകോത്പാദനവുമായിട്ടാണ് മാര്‍ക്‌സ് ബന്ധപ്പെടുത്തിയിട്ടുള്ളത്. ജാതിയുടെ ഉത്ഭവത്തിലെ പാരമ്പര്യപരവും അധികാരത്തിന്റെതുമായ വിഭജനങ്ങളെ മാര്‍ക്‌സ് പരിഗണിച്ചിട്ടില്ല.: മാര്‍ക്‌സിലൂടെയും അംബേദ്കറിലൂടെയും ഉള്ള രാഷ്ട്രീയസഞ്ചാരം
മാര്‍ക്‌സിസത്തെ ലോകത്തിന്റെ യുവത്വം എന്ന് വിശേഷിപ്പിക്കുന്നത് ഒരു തരത്തില്‍ ശരിയാണ്. മാര്‍ക്‌സിനെ പോലെ മറ്റൊരു ചിന്തകനും മാര്‍ക്‌സിസത്തെ പോലെ മറ്റൊരു പ്രത്യയശാസ്ത്രവും ഒരു നൂറ്റാണ്ടിനപ്പുറം പുതിയ വായനകളെയും അന്വേഷണങ്ങളെയും ത്രസിപ്പിച്ചിട്ടുണ്ടാകുകയില്ല. മുതലാളിത്തത്തിന്റെ ആഴമേറിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും വര്‍ത്തമാനകാല ജീവല്‍പ്രശ്‌നങ്ങളെയും ചേര്‍ത്ത് മാര്‍ക്‌സിസത്തെ പുനര്‍വായിക്കാനുള്ള ഉദ്യമങ്ങള്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും തുടരുകയാണ്. അതേസമയം മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര മണ്ഡലത്തെ സമകാലീനമാക്കുന്ന തരത്തില്‍ വികസിപ്പിക്കുന്നതില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് വേണ്ടത്ര വിജയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുകയാണ്. ഇവിടെ പ്രധാനമായും ഗാന്ധിജി, ഡോ.അംബേദ്കര്‍, ഡോ. ലോഹ്യ എന്നിവരുടെ ചിന്തകളുടെ ഇന്ത്യന്‍ പരിസരത്ത് നിന്നു കൊണ്ട് മാര്‍ക്‌സിസത്തെ പുനര്‍നിര്‍മ്മിക്കാനുള്ള നവ മാര്‍ക്‌സിസ്റ്റുകളുടെ അന്വേഷണങ്ങളെ പരിശോധിക്കുവാനാണ് ശ്രമിക്കുന്നത്.
മാര്‍ക്‌സിസത്തിലെ ചില പ്രത്യയശാസ്ത്ര പരികല്പനകളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ വിപ്ലവാനന്തര റഷ്യയില്‍ വിപ്ലവത്തിന്റെ ആദ്യദശകങ്ങളില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ സ്വതന്ത്രമാര്‍ക്‌സിസ്റ്റ് ചിന്തകരെ അക്കാലത്തുതന്നെ പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മാര്‍ക്‌സിസത്തില്‍ അന്തര്‍ലീനമായ ന്യൂനതകളെ കുറെക്കൂടി ഗഹനമായ തലത്തില്‍ അഭിസംബോധന ചെയ്യുന്നതിന് ഈ സ്വതന്ത്രമാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഇറ്റാലിയന്‍മാര്‍ക്‌സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷി മുതല്‍ യൂഗോസ്ലാവിയന്‍ കമ്യൂണിസ്റ്റ് നേതാവായ മിലോവന്‍ ജിലാസിലൂടെ
നീളുന്ന ചിന്തകരുടെ ഈ നിര ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ പ്രശ്‌നങ്ങളായി ഇവയെ ചുരുക്കി കാണുന്നതിനും അതേ സമയം മറ്റു ചിലര്‍ മാര്‍ക്‌സിസത്തിന്റെ പ്രയോഗതലത്തിലുള്ള വൈകല്യമായി അവതരിപ്പിക്കുന്നതിനുമാണ് പ്രധാനമായും ശ്രമിച്ചിട്ടുള്ളത്. സോവിയറ്റ് റഷ്യയിലേത് സ്‌റ്റേറ്റ് മുതലാളിത്തമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പരീക്ഷണങ്ങളെ സാമ്പ്രദായിക (രഹമശൈരമഹ) മാര്‍ക്‌സിസമെന്നും സ്റ്റാലിനിസ്റ്റ് മാര്‍ക്‌സിസമെന്നും വിശേഷിപ്പിച്ച് മാര്‍ക്‌സിനെ ഈ പരീക്ഷണങ്ങള്‍ക്ക് പുറത്ത് പുതുതായി വായിക്കാനാണ് ശ്രമിച്ചിട്ടുള്ളതും ഇപ്പോള്‍ ശ്രമിക്കുന്നതും. ഈ അന്വേഷണങ്ങള്‍ക്ക് പ്രധാനമായും കാരണമായത് അതാത് കാലങ്ങളില്‍ ലോകത്ത് വംശം, സംസ്‌കാരം, ജനാധിപത്യം, സ്ത്രീ, പരിസ്ഥിതിവാദംതുടങ്ങിയ മേഖലകളില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന മുന്നേറ്റങ്ങളെയും നവസാമൂഹ്യ ചിന്തകളെയും മാര്‍ക്സിസ്റ്റ് ആശയമണ്ഡലത്തില്‍ നിന്നു കൊണ്ട് വിശദീകരിക്കുന്നതില്‍ നേരിടുന്ന പ്രത്യയശാസ്ത്രപരമായ പ്രശ്‌നങ്ങളാണ്. 1970-കളില്‍ യൂറോപ്പില്‍ ആരംഭിച്ച പാരിസ്ഥിതിക മുന്നേറ്റങ്ങളെ സംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മാര്‍ക്‌സിയന്‍ ഇക്കോളജിയുടെ ജ്ഞാനശാഖ രൂപപ്പെട്ടത്. ജാതി ഒരു കടുത്ത ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കെ അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ കീഴാള ജാതികള്‍ക്കിടയില്‍ വലിയ തോതിലുള്ള ജനാധിപത്യവല്‍കരണത്തിന് തുടക്കമിട്ടുകൊണ്ട് സമീപകാലത്ത് ഇന്ത്യയില്‍ ദലിതമുന്നേറ്റങ്ങള്‍ ശക്തമാകുകയും സര്‍വ്വകലാശാലാ വളപ്പുകളില്‍ മാര്‍ക്‌സിന്റെ സ്ഥാനത്ത് അംബേദ്കര്‍ കൂടുതലായി വായിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മാര്‍ക്‌സിന്റെ വര്‍ഗനിലപാടുകളെ ഇന്ത്യയിലെ ജാതിയുമായി എപ്രകാരം സമീകരണം സാധ്യമാക്കാമെന്ന അന്വേഷണങ്ങള്‍ നവ മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ ശക്തമാവുകയുണ്ടായി. മുന്‍ കാലങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ജാതി പ്രബല രാഷ്ട്രീയപ്രശ്‌നമായിരുന്ന സന്ദര്‍ഭങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതിയെ അവരുടെ വിശകലനങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന അപ്രധാനമായ ഒരു പ്രതിഭാസം എന്ന നിലയിലാണ് എടുത്തിരുന്നത്. വളര്‍ന്നു വരുന്ന ദലിതമുന്നേറ്റങ്ങളോടുള്ള മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനം ഇപ്പോഴും സൈദ്ധാന്തിക അന്വേഷണങ്ങളെ കൂടാതെയുള്ള അടവുപരമായ നിലപാടുകള്‍ മാത്രമാണ്. എന്നാല്‍ സ്വതന്ത്ര നവമാര്‍ക്‌സിസ്റ്റു ബുദ്ധി
ജീവികള്‍ക്കിടയിലെ ചില അന്വേഷണങ്ങള്‍ക്ക് സംവാദാത്മകമായ സര്‍ഗാത്മകതയുണ്ട്. എങ്കിലും അംബേദ്കറെ മാര്‍ക്‌സിസ്റ്റ് ആശയമണ്ഡലത്തിലേക്ക് സ്വാംശീകരിക്കുക എന്ന ലക്ഷ്യം രണ്ടു കൂട്ടര്‍ക്കുമുണ്ട് എന്ന് കാണാവുന്നതാണ്.
കഴിഞ്ഞ കാലങ്ങളിലെല്ലാം മാര്‍ക്‌സിസ്റ്റുകള്‍ അവഗണിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഇന്ത്യന്‍ ജാതിവ്യവസ്ഥയെ പരിഗണിക്കാതെ അവരുടെ ആശയ മണ്ഡലത്തെ വികസിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും അതേ സമയം മാര്‍ക്‌സിസത്തിന്റെ കേന്ദ്ര ബിന്ദുവായ സമൂഹത്തെ സംബന്ധിച്ചുള്ള വര്‍ഗ വിശകലനത്തെ തള്ളാന്‍ കഴിയാത്ത സന്ദിഗ്ദ്ധാവസ്ഥയും ജാതി വ്യവസ്ഥയെ എപ്രകാരം സംബോധന ചെയ്യണമെന്ന ആശയകുഴപ്പത്തിലേക്ക്
അവരെ എത്തിച്ചിട്ടുണ്ട്. ഇന്ത്യയെസംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ ജനാധിപത്യവല്‍കരണത്തിന്,സാമൂഹ്യ ചലനങ്ങള്‍ക്ക്, സാമ്പത്തിക മാറ്റത്തിനു വേണ്ടിയുള്ള ചലനങ്ങളെക്കാള്‍ നിര്‍ണായകമായ സ്വാധീനം ഉണ്ടാക്കാന്‍ ശേഷിയുണ്ടെന്ന് മുന്‍ കാലങ്ങളിലെ ജാതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാമൂഹികമുന്നേറ്റങ്ങള്‍ കാണിക്കുന്നുണ്ട്. സമീപകാല കീഴാള ജാതി മുന്നേറ്റങ്ങളെ ഒരു വശത്ത് അടവ് പരമായി സ്വാംശീകരിക്കാന്‍ ശ്രമിക്കുമ്പോഴും കീഴാള ജാതികള്‍ അന്തസ്സിനും അവകാശങ്ങള്‍ക്കും വേണ്ടി നടത്തുന്ന മുന്നേറ്റങ്ങളെ കേവലം സ്വത്വപരമെന്ന് വിശേഷിപ്പിക്കുന്നത് അവര്‍ക്കിടയിലെ ആശയകുഴപ്പത്തെയാണ് വെളിവാക്കുന്നത്. കീഴാളരുടെമുന്നേറ്റങ്ങളില്‍ കേവലമായ സ്വത്വപരത ആരോപിക്കുന്നതിലൂടെ സ്വത്വവാദം മേല്‍ ജാതികള്‍ക്കുള്‍പ്പെടെ എല്ലാ ജാതികള്‍ക്കും ബാധകമാണെന്ന് വ്യംഗ്യമായി ഉന്നയിക്കുകയാണ് ചെയ്യുന്നത്. മേലാള ജാതി സ്വത്വപരതയെ കീഴാള ജാതികളുടെ മുന്നേറ്റങ്ങള്‍ക്കഭിമുഖമായി നിര്‍ത്താന്‍ ഈ വാദം സഹായകരമാകുകയും അതുവഴി കീഴാളരുടെ മുന്നേറ്റങ്ങള്‍ ദുര്‍ബ്ബലപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. മണ്ഡല്‍റിപ്പോര്‍ട്ടാനന്തരകാലത്ത് സാമ്പത്തിക വര്‍ഗ വിശകലനത്തിന്റെ കുറ്റിയില്‍ കറങ്ങി പിന്നാക്ക ജാതി സംവരണത്തില്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള ക്രീമിലെയര്‍ കൊണ്ടുവരുന്നതിനായി വാദിച്ച് പിന്നാക്കജാതി സംവരണത്തെ ദുര്‍ബ്ബലമാക്കാന്‍ സഹായിച്ചിരുന്നതു പോലെ.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ സെപ്റ്റംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.