‘ഞാനും തെരുവില്‍ നിന്നും വന്നയാള്‍’: പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി പെരുമാള്‍ മുരുകന്‍
താനും തെരുവില്‍ നിന്നും വന്നയാളാണ്. ചേരി നിവാസികള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമെന്ന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. ബി.ജെ.പി പരിപാടിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അടുത്തവര്‍ഷം നടക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡല്‍ഹി ബി.ജെ.പി. ചേരികളില്‍ സംഘടിപ്പിക്കുന്ന പ്രചാരണയാത്രയുടെ പോസ്റ്ററുകളിലാണ് പെരുമാള്‍ മുരുകന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. ജുഗ്ഗി സമ്മാന്‍ യാത്ര എന്ന് പേരിട്ടിട്ടുളള പരിപാടിയുടെ ഭാഗമായുളള പോസ്റ്ററിലാണ് ചേരിനിവാസികളെ പ്രതിനിധീകരിക്കുന്നക്കുന്നവര്‍ക്കൊപ്പം മുരുകന്റെയും ചിത്രം ചേര്‍ത്തത്.
ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ നേതൃത്വത്തിലാണ് ക്യാംപെയ്ന്‍ നടക്കുന്നത്. പെരുമാള്‍ മുരുകന്റെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ പുറത്തുവന്നതോടെ ട്വിറ്ററിലടക്കം വ്യാപക പരിഹാസമാണ് ബി.ജെ.പിക്ക് ലഭിക്കുന്നത്. വാർത്തകളിലും സാമൂഹികമാധ്യമങ്ങളിലും സംഭവം നിറഞ്ഞതോടെ ബി.ജെ.പി. നേതൃത്വം മാപ്പുപറഞ്ഞു. അശ്രദ്ധമായി ഉപയോഗിച്ചതാണ് പെരുമാൾ മുരുകന്റെ ചിത്രമെന്ന് ഡൽഹി ബി.ജെ.പി. വക്താവ് പ്രവീൺ ശങ്കർ കപൂർ പ്രതികരിച്ചു.
തമിഴ് സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിനുടമയാണ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍.
തമിഴ്‌നാട് സര്‍ക്കാരിന്റെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ കൃതികളില്‍ പലതും വിവിധ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
‘മാതൊരുപാകന്‍’ എന്ന നോവല്‍ അദ്ദേഹം രചിച്ചത് 2010-ല്‍ ആയിരുന്നു. അന്നൊന്നും നോവലിനെതിരെ ആരും വിമര്‍ശനം ഉന്നയിച്ചില്ല. എന്നാല്‍ ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയതോടെയാണ് നോവലില്‍ വര്‍ഗ്ഗീയവിഷം കലര്‍ത്താന്‍ മതമൗലികവാദികള്‍ തുനിഞ്ഞിറങ്ങിയത്. വര്‍ഗ്ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്തുനിര്‍ത്താന്‍ വരെ അദ്ദേഹം തീരുമാനിച്ചിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും പെരുമാള്‍ മുരുകന്‍ ഇന്നും ഒരു തീക്ഷ്ണതയുടെ അടയാളമാണ്.
പെരുമാള്‍ മുരുകന്റെ കൃതികള്‍ വാങ്ങിക്കുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.