ഇ.കെ. നായനാരുടെ ജന്മവാര്‍ഷിക ദിനം
മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ ഏറമ്പാല നാരായണി അമ്മയുടേയും ഗോവിന്ദന്‍ നമ്പ്യാരുടേയും മകനായി 1918 ഡിസംബര്‍ 9ന് ജനിച്ചു. കല്യാശ്ശേരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കല്യാശ്ശേരി എലമെന്ററി സ്‌കൂളിലെ പഠനത്തിന് ശേഷം തളിപ്പറമ്പ് മുടത്തേടത്ത് ഹൈസ്‌കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം.
1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. 1967ല്‍ പാലക്കാടുനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വര്‍ഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി.
മൈ സ്ട്രഗിള്‍സ് എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ. സമരത്തിച്ചൂളയില്‍ എന്ന പേരില്‍ പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദോഹ ഡയറി, അറേബ്യന്‍ സ്‌കെച്ചുകള്‍, എന്റെ ചൈന ഡയറി, മാര്‍ക്‌സിസം ഒരു മുഖവുര, അമേരിക്കന്‍ ഡയറി, വിപ്ലവാചാര്യന്മാര്‍, സാഹിത്യവും സംസ്‌കാരവും, ജെയിലിലെ ഓര്‍മ്മകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 2004 മെയ് 19 ന് അന്തരിച്ചു.
Comments are closed.