DCBOOKS
Malayalam News Literature Website

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി; രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കി പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ 24-ാം തീയതി ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി. കോടതിയില്‍ ബിഷപ്പ് നല്‍കിയ ജാമ്യാപേക്ഷയില്‍ കസ്റ്റഡിയില്‍ പോകുന്നതിനോട് വിമുഖത പ്രകടിപ്പിച്ചിരുന്നു. രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയില്‍ ആരോപിച്ചിരുന്നു.

ഇന്നലെ കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്ത് ബിഷപ്പിനെ കൊണ്ടുവരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയോടെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന പരിശോധനാ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസത്തേക്ക് മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. ഇതിനകം പൊലീസിന് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Comments are closed.