ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍; 19-ന് പൊലീസിന് മുന്നില്‍ ഹാജരാകും
കൊച്ചി: പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല കൈമാറിയിരിക്കുന്നത്. ഫാ.ബിബിന്‍ ഓട്ടക്കുന്നേല്‍, ഫാ. ജോസഫ് തേക്കുംകാട്ടില്‍, ഫാ.സുബിന്‍ തെക്കേടത്ത് എന്നിവര്‍ക്കും ചുമതലകള്‍ ഉണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. അന്വേഷണത്തിന്റെ ഫലം അറിയുന്നത് വരെയാണ് മാറ്റമെന്നും എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും സര്‍ക്കുലറില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു.
ഇതിനിടെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്ന് പൊലീസ് അന്വേഷണസംഘം അയച്ച നോട്ടീസ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. ഈ മാസം 19ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം രൂപതയുടെ ഭരണപരമായ അധികാരം മാത്രമാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ബിഷപ്പ് എന്ന ആധ്യാത്മിക പദവി അദ്ദേഹത്തിനുണ്ടാകും. കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെങ്കില്‍ മാത്രമേ ഈ പദവി വത്തിക്കാന്‍ എടുത്തുമാറ്റുകയുള്ളൂ. പീഡന പരാതിയെ തുടര്‍ന്ന് കേരളത്തിലെ സഭാനേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ വിശദീകരണം തേടിയിരുന്നു.
Comments are closed.