DCBOOKS
Malayalam News Literature Website

വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസകള്‍

V. S. Achuthanandan
V. S. Achuthanandan

കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

Textഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ് വി എസ്.

1980-92 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സമരത്തിന് ഇടവേളകളില്ല, കേരള വികസന സങ്കല്‍പ്പങ്ങള്‍, ഇടപെടലുകള്‍ക്ക് അവസാനമില്ല തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

Comments are closed.