DCBOOKS
Malayalam News Literature Website

രജനീകാന്തിന് ജന്മദിനാശംസകള്‍

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജന്മദിനമാണ് ഡിസംബര്‍ 12. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായ രജനീകാന്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത വ്യക്തിയാണ് അദ്ദേഹം.

1950 ഡിസംബര്‍ 12ന് ബംഗലൂരുവിലായിരുന്നു രജനീകാന്തിന്റെ ജനനം. ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥപേര്. 1973-ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയതാണ് ശിവാജി റാവുവിന്റെ ജീവിതത്തില്‍ നാഴികക്കല്ലായത്.

1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനീകാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. 1980-കള്‍ക്കു ശേഷമാണ് രജനീകാന്ത് മുന്‍നിര നടന്‍മാരുടെ പദവിയിലേക്കുയരുന്നത്. അക്കാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. ബില്ല, മുരട്ടുകാളൈ, പോക്കിരി രാജ, വേലൈക്കാരന്‍, മന്നന്‍, മുത്തു, ബാഷ, പടയപ്പ എന്നീ ചിത്രങ്ങള്‍ ചരിത്രം സൃഷ്ടിച്ചാണ് തീയറ്ററുകള്‍ കീഴടക്കിയത്. തമിഴിനു പുറമേ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1988-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്ലഡ് സ്‌റ്റോണിലും അദ്ദേഹം വേഷമിട്ടു. അടുത്തിടെ ഇറങ്ങിയ 2.0 ആണ് രജനിയുടെ ഏറ്റവും പുതിയ ചിത്രം.

Comments are closed.