DCBOOKS
Malayalam News Literature Website

സൈന നെഹ്‌വാളിന് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റണ്‍ താരമാണ് ഖേല്‍രത്‌ന പുരസ്‌കാരജേതാവായ സൈന നെഹ്‌വാള്‍. ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്ന് വിശേഷണമുള്ള സൈന 1990 മാര്‍ച്ച് 17-ന് ഹരിയാനയിലെ ഹിസാറിലാണ് ജനിച്ചത്. ഇന്ത്യന്‍ ബാഡ്മിൻ്റണ്‍ താരമായ പി കശ്യപാണ്
സൈനയുടെ ഭര്‍ത്താവ്.  2015ൽ ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയായിരുന്നു സൈന.  സൈന ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. ഇന്ത്യയിൽ കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം, വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളും സൈനയ്ക്കുണ്ട്.

ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്തോനേഷ്യ ഓപ്പണ്‍ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ പരാജയപ്പെടുത്തി ചരിത്രം കുറിക്കുകയുണ്ടായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് സൈന.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായികതാരമെന്ന ബഹുമതിയും സൈനക്കുള്ളതാണ്. സൈനയുടെ വരവ് ഇന്ത്യയില്‍ ബാഡ്മിന്റണുണ്ടാക്കിയ കുതിപ്പ് വളരെ വലുതാണ്. വനിതാ ബാഡ്മിന്റണില്‍ ചൈനയുടെ അധിനിവേശത്തെ വെല്ലുവിളിച്ച സൈന ലണ്ടനില്‍ വെങ്കലമെഡല്‍ നേടിയതോടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ പുതിയ സൂപ്പര്‍താരമായി വളര്‍ന്നു. ഇതുവരെ 16 അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Comments are closed.