‘വിമര്ശകലയിലെ ഏകാന്തപഥികന്’ ; 95 -ന്റെ നിറവിൽ സാനു മാഷ്
മലയാള സാഹിത്യ നിരൂപണ രംഗത്ത് തലയെടുപ്പാണ് പ്രൊഫ. എം കെ സാനു
മലയാള സാഹിത്യ നിരൂപണ രംഗത്ത് തലയെടുപ്പാണ് പ്രൊഫ. എം കെ സാനു. ഒരുകാലഘട്ടത്തില്‍ സാഹിത്യ വിമര്‍ശനരംഗത്ത ശ്രദ്ധേയരായ സുകുമാര്‍ അഴിക്കോട്, എം. ലീലാവതി, എം എന്‍ വിജയന്, എന്‍.വി കൃഷ്ണവാര്യര്‍ എന്നിവര്‍ക്കൊപ്പം എത്തിയ സാനു.മാഷ് പിന്നീട് പകരക്കാരനില്ലാത്ത നിരൂപകനായി നിലയുറപ്പിച്ചു. ഒട്ടുമിക്ക എഴുത്തുകാരും അദ്ദേഹത്തിന്റെ അംഗീകാരത്തിനും വിമര്‍ശനത്തിനും പാത്രീഭവിച്ചു. സ്വസിദ്ധമായ ശൈലിയില്‍ കാര്യങ്ങളെ അനാവരണം ചെയ്യാന്‍ എം കെ സാനു.മാഷിന് ഒരു പ്രത്യേക കഴിവുണ്ട്. ആ പ്രത്യേകത തന്നെയാണ് അദ്ദേഹത്തെ നിരൂപണ രംഗത്തെ ഒറ്റയാനാക്കി നിര്‍ത്തുന്നതും.
അധ്യാപനത്തിന്റെ അച്ചടക്കവും വിമര്‍ശനത്തിന്റെ ക്രാന്തദര്ശിതയും ഇണങ്ങിച്ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍. ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങള്‍, പ്രഭാതദര്‍ശനം, അവധാരണം എന്നിവയാണ് സാനുവിന്റെ പ്രധാന നിരൂപണ ഗ്രന്ഥങ്ങള്‍. രാജവീഥിയിലെ നാടകത്തെക്കുറിച്ചുള്ള വിമര്‍ശനപ്രബന്ധങ്ങള്‍ ഗൗരവപൂര്‍ണമായ പരിഗണന അര്‍ഹിക്കുന്നതാണ്. എന്നാല്‍ സാഹിത്യത്തിലെ വിവാദപരമായ കാര്യങ്ങളെക്കുറിച്ചും ശ്രദ്ധേയമായ സാഹിതീയപ്രശ്നങ്ങളെ കുറിച്ചുമുള്ള നിരൂപണങ്ങളാണ് അവധാരണത്തില്‍ സമാഹരിച്ചിരിക്കുന്നത്. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും വിമര്‍ശനം അപഗ്രഥനമാക്കാന് അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. അതിനുള്ള ഉദാഹരണമാണ് ‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി. ഇത് വിമര്നശത്തിനും ജീവചരിത്രത്തിനും ഇടയ്ക്ക് നില്ക്കുന്ന ഗ്രന്ഥമാണ്. ചങ്ങമ്പുഴയുടെ സങ്കീര്‍ണമായ വ്യക്തിത്വവും ജീവിതവും കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ കാവ്യലോകത്തേക്ക് വെളിച്ചം വീശാന്‍ ഉതകുന്നതാണ്. കുമാരനാശനിലേക്ക് കടന്നപ്പോഴും ഇതേ സമീപനമാണ് സാനു കൈക്കൊണ്ടത്.
കുമാരനാശാന്റെ ജീവിതവഴികളിലൂടെ സഞ്ചരിച്ച് എഴുതിയതാണ് മൃത്യുഞ്ജയം കാവ്യജീവിതം എന്ന ജീവിതചരിത്രം. ഉള്ളൂരിന്റേയും വള്ളത്തോളിന്റേയും കാവ്യങ്ങളേക്കാള്‍ തന്നെ ഏറെ സ്വാധീനിച്ചത് കുമാരനാശാന്റെ കൃതികളാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിലെ അന്വേഷിയായ മനസാണ് പല പ്രമുഖ എഴുത്തുകാരുടേയും ജീവചരിത്രം എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.
അക്കാദമിക സാഹിത്യ വിമര്‍ശനത്തിന്റെ വക്താവായ എം.കെ സാനു 1928 ഒക്ടോബര്‍ 27നു എം സി കേശവന്, കെ.പി ഭവാനി എന്നിവരുടെ മകനായി ആലപ്പുഴയിലെ തുമ്പോളിയിലാണ് ജനിച്ചത്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെ കോളേജുകളിലെ പഠനത്തിനുശേഷം നാലു വര്‍ഷത്തോളം സ്കൂളിലും വിവിധ ഗവണ്മെന്റ് കോളേജുകളിലും അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര് എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു.
സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടര്‍ന്ന് 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. കേരള സാഹിത്യ അക്കാദമി ചെയര്മാന്, കേരള സര്‍വകലാശാല ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയക്ടര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്, സ്വീഡന്, സ്വിറ്റ്സര്‍ലന്റ്, ബല്‍ജിയം, റോം, അയര്‍ലന്റ്, ഇംഗ്ലണ്ട്, യു.എ.ഇ, ഒമാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, അബുദാബി അവാര്‍ഡ്, പി.കെ പരമേശ്വരന് നായര്‍ സ്മാരക പുരസ്കാരം തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
മൃത്യുഞ്ജയം കാവ്യജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്, അവധാരണം, താഴ്വരയിലെ സന്ധ്യ, സഹോദരന് കെ. അയ്യപ്പന് തുടങ്ങി നിരവധി കൃതികള്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാനു മാസ്റ്ററുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക
Comments are closed.