DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാള്‍

ഇന്ത്യയിലെ പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ് ലതാ മങ്കേഷ്‌കര്‍. പതിനഞ്ചോളം ഭാഷകളില്‍ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാ മങ്കേഷ്‌കര്‍ ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ലതാ മങ്കേഷ്‌കറുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറിലായിരുന്നു ജനനം. പിതാവ് ദീനനാഥ് മങ്കേഷ്‌കര്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ഗായകനും നാടകപ്രവര്‍ത്തകനുമായിരുന്നു. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. പിന്നീട് ലതാ മങ്കേഷ്‌കറിന്റെ നാദമാധുരിയില്‍ ആയിരക്കണക്കിന് ഗാനങ്ങള്‍ പിറവിയെടുത്തു.

പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ്.

Comments are closed.