ഹാപ്പി ബർത്ത് ഡേ ഡിക്യു, പിറന്നാള്‍ നിറവിൽ ദുൽഖര്‍ സൽമാൻ
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന് ഇന്ന് ജന്മദിനം. ചലച്ചിത്ര -സാംസ്‌കാരിക രംഗങ്ങളിൽ നിന്നുൾപ്പെടെ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ദുൽഖറിന് ജന്മദിനാശംസകൾ നേരുന്നത്.
സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ദുൽഖർ ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലാകെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കി. തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസമൊന്നുമില്ലാതെ 2012-ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്ക് ദുൽഖറിന്‍റെ പ്രവേശനം. നടൻ മാത്രമല്ല നിർമാതാവിന്റെ കുപ്പായം കൂടി അണിഞ്ഞ വർഷമാണിത്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് നിർമാണ രംഗത്തേക്ക് ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് എത്തിയത്. മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ സിനിമകളുടെയും നിർമാതാവാണ്.
നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്‍റെയും മകനായി 1986 ജൂലൈ 28നാണ് താരത്തിന്‍റെ ജനനം. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് 2012ൽ അമാൽ സൂഫിയയെ വിഹാഹം ചെയ്യുന്നത്. 2017 മെയ് അഞ്ചിനാണ് താരം അച്ഛനായത്. മറിയം അമീറ സൽമാനാണ് മകള്‍.
മലയാളത്തിന്റെ പ്രിയതാരത്തിന് ഡിസി ബുക്‌സിന്റെ ജന്മദിനാശംസകൾ
Comments are closed.