DCBOOKS
Malayalam News Literature Website

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മവാര്‍ഷികദിനം

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് വിടവാങ്ങിയ
ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.  ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. കാല്‍പ്പന്തുകളിയിലെ ദൈവമെന്നു പോലും ആരാധകവൃന്ദം വിശേഷിപ്പിക്കുന്ന മറഡോണ 1986-ല്‍ നടന്ന ലോകകപ്പ് Textമത്സരത്തില്‍ അര്‍ജന്റീന കിരീടം ചൂടിയപ്പോള്‍ കളിക്കാരനായുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായി ഫിഫ തെരഞ്ഞെടുത്തത് പെലെയെയും മറഡോണയേയും ആയിരുന്നു.

തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള മറഡോണ കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

Comments are closed.