വരയുടെ പരമശിവന് ഇന്ന് 96-ാം പിറന്നാള്‍
വരയുടെ പരമശിവനെന്ന് വികെഎന്‍ വിളിച്ച വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഇന്ന് 96-ാം പിറന്നാള്‍. ആനുകാലികങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർക്കാറുണ്ട്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു.
ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി. പുരാണ കഥാപാത്രങ്ങൾ വരയ്‌ക്കുന്നതിൽ നമ്പൂതിരിയ്‌ക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം അടക്കം ഒട്ടേറെ സാഹിത്യ നോവലുകളിലെ കഥാപാത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. സംസ്കൃതവും വൈദ്യവും പഠിച്ചിട്ടുള്ള നമ്പൂതിരി സാഹിത്യം, സംഗീതം, കഥകളി എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1925 സെപ്റ്റംബര്‍ 13ന് പൊന്നാനിയില്‍ ജനനം. പിതാവ് പരമേശ്വരന്‍ നമ്പൂതിതിരി. മാതാവ്, ശ്രീദേവി അന്തർജ്ജനം. കെ.സി.എസ്. പണിക്കർ ഡി.പി. റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ ആർട്സ് കോളജിൽ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേർന്നതു. പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ വരച്ചു. നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ നായർ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ. കഥകൾക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഡി സി ബുക്‌സിന്റെ പിറന്നാള്‍ ആശംസകള്‍
Comments are closed.