‘വെള്ളക്കടുവ’ യുടെ എഴുത്തുകാരന് പിറന്നാള്‍ ആശംസകള്‍
ബുക്കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗ 1974-ല്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്. പിന്നീട് മംഗലാപുരത്ത് വളര്‍ന്ന അഡിഗ കനാറ ഹൈസ്‌കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആസ്‌ട്രേലിയയിലെ ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍ ഹൈ സ്‌കൂള്‍, ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡിലെ മാഗ്ഡാലന്‍ കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം.
സാമ്പത്തിക പത്രപ്രവര്‍ത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാന്‍ഷ്യല്‍ ടൈംസ്, ദി ഇന്‍ഡിപെന്‍ഡന്റ്, ദി സണ്‍ഡേ ടൈംസ്, മണി, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ടൈം മാഗസിന്റെ കറസ്‌പോണ്ടന്റായി.
തുടര്‍ന്ന് ആദ്യനോവലായ ‘ദി വൈറ്റ് ടൈഗര്‍’ പ്രസിദ്ധീകരിച്ചു. ദി വൈറ്റ് ടൈഗറിന് 2008ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ.
വൈറ്റ് ടൈഗറിന്റെ മലയാളം പരിഭാഷയായ വെള്ളക്കടുവ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എം.എസ്. നായരാണ് ഈ കൃതിയുടെ മലയാളം വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു ദരിദ്ര ഗ്രാമത്തില്‍ ജനിച്ച ബല്‍റാം ഹല്‍വായിക്ക് ഒരു സ്വപ്‌നമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും തന്റെ ഗ്രാമത്തില്‍ നിന്നു രക്ഷപ്പെടുക . ആ സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തു. ഡല്‍ഹിയിലായിരു ന്നു ബല്‍റാം എത്തിപ്പെട്ടത്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും നിലച്ചുപോയ ബല്‍റാമിന്റെ പുനര്‍ വിദ്യാഭ്യാസം അവിടെ നിന്ന് ആരംഭിച്ചു. ഗ്രാമ ത്തിന്റെ അന്ധതയില്‍നിന്ന് നഗരത്തിന്റെ വെളിച്ച ത്തിലേക്കുള്ള ബല്‍റാമിന്റെ അവിശ്വസനീയമായ യാത്രയാണ് വെള്ളക്കടുവ.
Comments are closed.