സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മവാര്‍ഷികദിനം
ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അഴിമതിയും സര്‍ക്കാര്‍ തലങ്ങളിലെ കൊള്ളരുതായ്മകളും മറയില്ലാതെ തുറന്നു കാട്ടിയ ധീരനായ മനുഷ്യനായിരുന്നു അദ്ദേഹം. 1878 മെയ് 25 ന് നെയ്യാറ്റിന്‍കരയിലാണ് കെ. രാമകൃഷ്ണപിള്ള ജനിച്ചത്. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ വിസ്മയകരമായ പ്രതിഭാവിലാസമാണ് അദ്ദേഹം കാട്ടിയത്. 1900ല്‍ ‘കേരള ദര്‍പ്പണ’ത്തിന്റെ പത്രാധിപര്‍ സ്ഥാനമേറ്റെടുത്താണ് രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനം തുടങ്ങിയത്.
സമഗ്രമായ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്ന് മനസ്സിലുറപ്പിച്ച അദ്ദേഹം ‘കേരള പഞ്ചിക’യുടെയും ‘മലയാളി’യുടെയും പത്രാധിപരായിരുന്നു. 1905ല്‍ ‘കേരളന്‍’ എന്ന മാസിക ആരംഭിച്ചു. ഇത് തുടര്‍ന്നു നടത്താനാവാതെ വന്നപ്പോഴാണ് 1906ല്‍ സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തത്. വക്കം മൗലവിയായിരുന്നു സ്വദേശാഭിമാനിയുടെ ഉടമ. നിയമപഠനത്തിനായി തിരുവനന്തപുരത്തേയ്ക്ക് വന്ന രാമകൃഷ്ണപിള്ള പത്രം തിരുവനന്തപുരത്തേയ്ക്ക് മാറ്റി. 1906 ജനുവരി മുതല്‍ അദ്ദേഹം പത്രാധിപരായി. അന്നുമുതല്‍ അന്നാട്ടിലെ അനീതിക്കെതിരെ പിള്ള അക്ഷരങ്ങളിലൂടെ പ്രതികരിച്ചു. ഇത് സ്വദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തത് അധികാരികളെ ചൊടിപ്പിച്ചു. പത്രാധിപരെ എന്തു വിലകൊടുത്തും നാട്ടില്‍നിന്നു പുറത്താക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു. രാജാവിനോടും ദിവാനോടും മാപ്പപേക്ഷിച്ച് ആപത്തില്‍ നിന്നു രക്ഷപ്പെടാന്‍ ചില വിശ്വസ്ത സ്‌നേഹിതര അപേക്ഷിച്ചെങ്കിലും സത്യത്തെ തള്ളിപ്പറയാന്‍ രാമകൃഷ്ണപിള്ള തയ്യാറായില്ല. ദിവാനും സേവകരും രാജാവും ചേര്‍ന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു.
1910 സെപ്റ്റംബര്‍ 26ന് സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പോലീസ് അടച്ചുപൂട്ടി മുദ്രവെക്കുകയും പത്രാധിപരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിള്ളയെ പോലീസ് ഉപദ്രവിക്കുമെന്ന ഭയത്താല്‍ ജനക്കൂട്ടം പിന്നാലെ സ്‌റ്റേഷനിലെത്തി. എന്നാല്‍ അദ്ദേഹത്തിന് മാന്യമായ പെരുമാറ്റം പോലീസില്‍നിന്ന് ലഭിച്ചതിനാല്‍ ജനങ്ങള്‍ പിരിഞ്ഞുപോയി. അന്നുരാത്രിതന്നെ അദ്ദേഹത്തെ നാടുകടത്തി.
മലേഷ്യയിലെ മലയാളികള്‍ പിള്ളയെ സ്വദേശാഭിമാനി എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബര്‍ 28ന് പാലക്കാട് നടന്ന മഹാസമ്മേളനത്തില്‍ വെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. അതോടെ അദ്ദേഹം സ്വദേശാഭിമാനി എന്നറിയപ്പെട്ടു. നാടുകടത്തലിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ താമസിച്ചശേഷം 1915-ല്‍ പിള്ളയും കുടുംബവും കണ്ണൂരിലെത്തി. വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി. 1916 മാര്‍ച്ച് 28ന് സ്വദേശാഭിമാനി 38-ാം വയസ്സില്‍ കണ്ണൂരില്‍വെച്ച് അന്തരിച്ചു
Comments are closed.