DCBOOKS
Malayalam News Literature Website

രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം

ഭാരതമൊട്ടാകെ കലാസാംസ്‌കാരികരംഗങ്ങളില്‍ ആഴമേറിയ മുദ്ര പതിപ്പിച്ച നോബല്‍ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോര്‍ (മേയ് 7 1861 ഓഗസ്റ്റ് 7 1941), ‘ഗുരുദേവ്’ എന്നും ആദരപൂര്‍വ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നല്‍കുകയും ചെയ്തു. 1913ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്‌കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോര്‍.

മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68ആം വയസ്സില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ പുരോഗമന പരിഷ്‌കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് കല്‍ക്കത്തയിലെ ജെറാസങ്കോ ടാഗോര്‍ കുടുംബം. രബീന്ദ്രനാഥ ടാഗോര്‍, അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും, മതസാമൂഹിക പരിഷ്‌കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ ജെറാസങ്കോ ടാഗോര്‍ കുടുംബത്തിലുണ്ട്.

കൊല്‍ക്കത്തയില്‍ പീരലി ബ്രാഹ്മണ വംശത്തില്‍ പിറന്ന ടാഗോര്‍ എട്ടാമത്തെ വയസ്സില്‍ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സില്‍ ടാഗോര്‍ ‘ഭാനുസിംഹന്‍’ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ല്‍ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തില്‍ത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങള്‍ക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോര്‍, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂര്‍ണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോര്‍ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

ടാഗോറിന്റെ കൃതികളില്‍ അനവധി നോവലുകള്‍, ചെറുകഥകള്‍, ഗാന സമാഹാരങ്ങള്‍, നൃത്ത്യനാടകങ്ങള്‍, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്‌കാരിക പരിഷ്‌കര്‍ത്താവായിരുന്ന ടാഗോര്‍, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങള്‍ ഇന്‍ഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ് ജനഗണമനയും അമാര്‍ ഷോണാര്‍ ബാംഗ്ലയും.

ജീവിതത്തിലെ അവസാന വര്‍ഷങ്ങളില്‍ ടാഗോര്‍ ലോകപ്രസിദ്ധനായിരുന്നു പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളില്‍. 1934 ജനുവരി 15ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോര്‍ കഠിനമായി എതിര്‍ത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊല്‍ക്കത്തയില്‍ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി. ഇതേ വിഷയത്തെ ആസ്പദമാക്കി ടാഗോര്‍ പ്രാസം ഇല്ലാതെ രണ്ട് തരം കാഴ്ചപ്പാടുകളോടു രചിച്ച നൂറു വരി കവിത പില്‍ക്കാലത്ത് രചിക്കപ്പെട്ട ‘അപരാജിതോ’ പോലെയുള്ള കൃതികള്‍ക്ക് ചുവടു പിടിച്ചു (ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ, ഇത് സത്യജിത് റേ മൂന്ന് പ്രസിദ്ധ ചലചിത്രങ്ങളുടെ പരമ്പരയാക്കി).

ടാഗോര്‍ പതിനഞ്ച് വാല്യങ്ങളായി സമാഹരിച്ച കൃതികളില്‍ ഗദ്യ കാവ്യങ്ങളായ ‘പുനസ്ച’ 1932, ‘ഷേഷ് സപ്തക്’ 1935, ‘പത്രപുത്’ 1936 എന്നിവ ചേര്‍ത്തിരുന്നു. ഗദ്യ കാവ്യങ്ങളിലും നൃത്ത്യ നാടകങ്ങളിലും ടാഗോര്‍ തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. അവയില്‍ പ്രധാനം നൃത്യനാടകങ്ങളായ ‘ചിത്രാംഗധ’ 1914, ‘ശ്യാമ’ 1939, ‘ചണ്ഡാലിക’ 1938 എന്നിവയും, നോവലുകളായ ‘ദുയി ബോണ്‍’ 1933, ‘മലഞ്ച’ 1934, ‘ചാര്‍ അദ്ധ്യായ്’ 1934 എന്നിവയുമാണ്.

തന്റെ അവസാന വര്‍ഷങ്ങളില്‍ ആധുനിക ശാസ്ത്രത്തോട് താല്‍പര്യം കണിച്ച ടാഗോര്‍ ‘വിശ്വ പരിചയ്’ എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937ല്‍ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ടാഗോര്‍ നഠത്തിയ പഠനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഫലിച്ചു. ‘ഷെ’ 1937, ‘തീന്‍ സാംഗി’ 1940, ‘ഗല്‍പ്പസല്‍പ്പ’ 1941 തുടങ്ങി പലതിലും ശാസ്ത്രജ്ഞന്മാരുടെ വിവരണങ്ങളും അടങ്ങിയിരുന്നു.

അവസാന നാലു വര്‍ഷങ്ങള്‍ രോഗശയ്യയില്‍ കടുത്ത വേദനയിലായിരുന്ന ടാഗോര്‍, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതില്‍ നിന്ന് മോചിതനായെങ്കിലും 1940ല്‍ സമാനമായ അവസ്ഥയില്‍ നിന്ന് ശമനമുണ്ടായില്ല. ടാഗോര്‍ ഈ സമയത്ത് രചിച്ച കവിതകള്‍ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയില്‍ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ച് മരണമടഞ്ഞു. ടാഗോറിന്റെ ചരമവാര്‍ഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികള്‍ അനുശോചിക്കുന്നു.

Comments are closed.