DCBOOKS
Malayalam News Literature Website

അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ ജന്മവാര്‍ഷികദിനം

പ്രശസ്തനായ ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു അലക്സാണ്ടർ ഡ്യൂമാസ്. ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ’ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവാണ് അദ്ദേഹം.

ഫ്രാന്‍സിലെ വില്ലെകോട്ടെറെയില്‍ 1802-ലാണ് അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ ജനനം. നെപ്പോളിയന്റെ ഭരണത്തില്‍ പട്ടാളത്തില്‍ ജനറല്‍ ആയിരുന്നു അച്ഛന്‍. നെപ്പോളിയന്റെ അപ്രീതിക്ക് പാത്രമായ അച്ഛന്‍ മരിച്ചതോടെ അദ്ദേഹവും മാതാവും പട്ടിണിയില്‍ ആയി. വക്കീല്‍ ഗുമസ്തനായി പണിയെടുത്തിരുന്ന അദ്ദേഹം മെച്ചപ്പെട്ട ജോലി അന്വേഷിച്ച് 1823-ല്‍ പാരീസില്‍ എത്തി. ഒന്നാന്തരം കൈയക്ഷരമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫ്രഞ്ച് രാജാവായ ഓര്‍ലിയന്‍സിലെ ഡ്യൂക്ക് ഫിലിപ്പിന് കീഴില്‍ ജോലി കിട്ടാന്‍ ഇത് സഹായിച്ചു.

ഡ്യൂക്കിന് കീഴില്‍ ജോലി നേടിയ അലക്‌സാണ്ടര്‍ ഡ്യൂമാസ് നാടകത്തിലൂടെയാണ് സാഹിത്യജീവിതം ആരംഭിക്കുന്നത്. 1822-ല്‍ എഴുതിയ ‘ഐവാനോ’ ആയിരുന്നു ആദ്യ നാടകം. നാടകവേദിക്കുവേണ്ടി നിരവധി നാടകങ്ങള്‍ അദ്ദേഹം എഴുതി. മിക്കവയും വിജയം വരിക്കുകയും ചെയ്തു. ദി ടവര്‍ ഓഫ് നെസ്‌ലേ ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയി കരുതപ്പെടുന്നത്.

നാടകത്തിന് പുറമേ നോവലും ചെറുകഥയും അദ്ദേഹം എഴുതിയിരുന്നു.1843 ആയപ്പോഴേക്കും 15 നാടകങ്ങള്‍ എഴുതികഴിഞ്ഞിരുന്നു. പക്ഷേ ചരിത്ര നോവലുകള്‍ ആണ് അദ്ദേഹത്തെ പ്രശസ്തനും സമ്പന്നനും ആക്കിയത്. 1844-ല്‍ ആണ് പ്രശസ്തമായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ പുറത്തിറങ്ങിയത്. 1870 ഡിസംബര്‍ അഞ്ചിന് അലക്‌സാണ്ടര്‍ ഡ്യൂമസ് അന്തരിച്ചു.

Comments are closed.