DCBOOKS
Malayalam News Literature Website

സഞ്ജയന്റെ ജന്മവാര്‍ഷികദിനം

കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷമുള്ള മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായിരുന്നു സഞ്ജയന്‍. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റ യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണി നായര്‍ എന്നായിരുന്നു.

1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടേയും പാറുവമ്മയുടേയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈസ്‌ക്കൂളില്‍ മലയാളം വിദ്വാനായിരുന്നു. കവിയും ഫലിതജ്ഞനും അതിലുപരി സംഭാഷണ ചതുരനുമായിരുന്ന പിതാവില്‍ നിന്നാണ് സഞ്ജയന് സാഹിത്യതാത്പര്യം ഉടലെടുക്കുന്നത്.

തലശ്ശേരി ബ്രാഞ്ച് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു സഞ്ജയന്റെ വിദ്യാഭ്യാസം. 1917-ല്‍ സഞ്ജയന്‍ എഴുതിയ ആദ്യ കവിത കൈരളി മാസികയില്‍ പ്രസിദ്ധീകരിച്ചു.

1936-ലാണ് അദ്ദേഹം പ്രശസ്തമായ ‘സഞ്ജയന്‍’ എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിച്ചത്. 1935 മുതല്‍ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികള്‍ സാഹിത്യനികഷം(രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപാഖ്യാനമെന്ന കവിതയും ശ്രദ്ധേയമാണ്‌

കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച അദ്ദേഹത്തിന് സാഹിത്യരംഗത്തെ അതികായരുമായുള്ള സുഹൃദ്ബന്ധവും ഏറെ പ്രശസ്തമാണ്. 1943 സെപ്റ്റംബര്‍ 13-ന് സഞ്ജയന്‍ അന്തരിച്ചു.

Comments are closed.