എന്‍.വി കൃഷ്ണവാരിയരുടെ ജന്മവാര്‍ഷികദിനം
1916 മെയ് 13ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് എന്‍.വി.കൃഷ്ണവാരിയരുടെ ജനനം. അച്യുത വാരിയരും മാധവി വാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. വല്ലച്ചിറ പ്രൈമറി സ്‌കൂള്‍, പെരുവനം സംസ്‌കൃത സ്‌കൂള്‍, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എല്‍, എം.ലിറ്റ്, ജര്‍മ്മന്‍ ഭഷയില്‍ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങള്‍ കരസ്ഥമാക്കി.
വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്ന വാരിയര്‍ 1942 ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ പോകുകയും സ്വതന്ത്ര ഭാരതം എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും അധ്യാപകനായി.1968-75 കാലത്ത് കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവര്‍ത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍, കുങ്കുമം, വിജ്ഞാന കൈരളി തുടങ്ങിയവയുടെ പത്രാധിപര്‍, ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയര്‍ ഫെലോ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പ്രസിദ്ധീകരണ രംഗത്തെ കുലപതി ഡി സി കിഴക്കെമുറിയുമായും ഇദ്ദേഹം അടുപ്പം പുലര്‍ത്തിയിരുന്നു. ഡി സി ബുക്‌സിന്റെ വൈജ്ഞാനിക പുസ്തകങ്ങള്‍ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. എന്‍പതുകളുടെ ആദ്യം പ്രസിദ്ധീകരിച്ച നാം ജീവിക്കുന്ന ലോകം എന്ന പുസ്തക പരമ്പരയുടെ ജനറല്‍ എഡിറ്ററായിരുന്നു അദ്ദേഹം. മനുഷ്യന്‍ ജിവിക്കുന്ന ലോകത്തെപ്പറ്റിയും തന്നെപ്പറ്റിയും സാമാന്യബോധം ഉണ്ടാക്കാന്‍ ഈ പുസ്തകപരമ്പരയ്ക്ക് സാധിച്ചു. സൗരയുഥം, ഭൂമി, ജീവശാസ്ത്രം, ശരീരശാസ്ത്രം, മനശാസ്ത്രം, മതങ്ങള്‍, തത്ത്വചിന്ത, സംസ്‌കാരങ്ങള്‍, യുദ്ധങ്ങള്‍, കലകള്‍, വാര്‍ത്താവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും അവബോധം സൃഷ്ടിക്കാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചിരുന്നു.
ആദ്യ കവിതാസമാഹാരമായ ‘നീണ്ടകവിതകള്‍’ 1948ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് കവിതകള്‍, ആട്ടക്കഥ, യാത്രാവിവരണം, നാടകങ്ങള്‍, ബാലസാഹിത്യം, ലേഖനങ്ങള്‍,പഠനങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ശാഖകളിലായി നിരവധി സൃഷികള്‍. വെല്ലുവിളികള്‍ പ്രതികരണങ്ങള്‍, പ്രശസ്തപഠനങ്ങള്‍, സമസ്യകള്‍ സമാധാനങ്ങള്‍, അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, മനനങ്ങള്‍ നിഗമനങ്ങള്‍, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ഗാന്ധിയും ഗോഡ്‌സേയും’ എന്ന കവിതാസമാഹാരത്തിനും ‘വള്ളത്തോളിന്റെ കാവ്യശില്പം’ എന്ന നിരൂപണഗ്രന്ഥത്തിനും ‘വെല്ലുവിളികള്‍ പ്രതികരണങ്ങള്‍’ എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989 ഒക്ടോബര്‍ 12ന് കൃഷ്ണവാരിയര്‍ അന്തരിച്ചു.
Comments are closed.