DCBOOKS
Malayalam News Literature Website

വയലിനില്‍ മായാജാലം തീര്‍ത്ത സംഗീതജ്ഞന്‍; ബാലഭാസ്‌കറിന്റെ ഓര്‍മയിലൂടെ…

Balabhaskar

വയലിനില്‍ മായാജാലം തീര്‍ത്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന് 42 വയസ്സ്. വയലിനുമായി ബാലഭാസ്‌കര്‍ എന്ന പ്രതിഭ വേദിയിലെത്തിയാല്‍ പിന്നെ വിരലുകള്‍കൊണ്ടുള്ള ഒരു ഇന്ദ്രജാലത്തിനാകും ആരാധകര്‍ സാക്ഷ്യം വഹിച്ചിരുന്നത്. മലയാളിയുടെ സ്വന്തം ബാലുവിന്റെ ഓര്‍മകളില്‍ കലാപ്രേമികളും, ചലച്ചിത്രലോകവും, സുഹൃത്തുക്കളുമൊക്കെ ഇന്നും നെഞ്ചുരുകി വേദനിക്കുന്നു.

സംഗീതലോകത്തിന് അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് വയലിനില്‍ ഇന്ദ്രജാലം സൃഷ്ടിച്ച അതുല്യപ്രതിഭയായിരുന്നു ബാലഭാസ്‌കര്‍. ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ തന്നെ വേദികളെ അമ്പരിപ്പിച്ച ബാലഭാസ്‌കര്‍ പതിനേഴാം വയസ്സിലാണ് ആദ്യമായി മംഗല്യപ്പല്ലക്ക് എന്ന സിനിമയുടെ സംഗീതസംവിധായകനാകുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കും ആല്‍ബം ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവസംഗീതപുരസ്‌കാരം 2008ല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി,ശങ്കര്‍ മഹാദേവന്‍,സ്റ്റീഫന്‍ ദേവസി തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പമുള്ള ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ സംഗീതവിരുന്നുകള്‍ ഏറെ പ്രശസ്തമായിരുന്നു.

വയലിനും, സംഗീതവുമായിരുന്നു ബാലഭാസ്‌കറിന്റെ പ്രാണവായു. ഈ ജന്മദിനവും മലയാളിക്ക് ഒരു കണ്ണീരോര്‍മ്മയാണ്. കേരളത്തെ തീരാവേദനയിലാഴ്ത്തി ബാലഭാസ്‌കര്‍ വിടപറഞ്ഞെങ്കിലും അദ്ദേഹം തീര്‍ത്ത സംഗീതം ഇന്നും നിലച്ചിട്ടില്ല. ആ ചിരിയും സംഗീതവും ഇന്നും ഒരു നോവായി അവശേഷിക്കുന്നു.

Comments are closed.