DCBOOKS
Malayalam News Literature Website

തോമസ് ഹാര്‍ഡിയുടെ ജന്മവാര്‍ഷിക ദിനം

ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയും ആയിരുന്നു തോമസ് ഹാര്‍ഡി (2 ജൂണ്‍ 1840 – 11 ജനുവരി 1928). ജോര്‍ജ്ജ് ഇലിയറ്റിന്റെ പാരമ്പര്യത്തില്‍പെട്ട ഒരു വിക്ടോറിയന്‍ യാഥാതഥ്യവാദി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലും നോവലുകളിലും വേഡ്‌സ്‌വര്‍ത്തിനെപ്പോലുള്ള കാല്പനികരുടെ സ്വാധീനവും കാണാം. ചാള്‍സ് ഡാര്‍വിനും അദ്ദേഹത്തിന്റെ ചിന്തയേയും രചനകളേയും സ്വാധീനിച്ചു. ചാള്‍സ് ഡിക്കന്‍സിനെപ്പോലെ അദ്ദേഹവും വിക്ടോറിയന്‍ സമൂഹത്തിന്റെ രീതികളില്‍ പലതിന്റേയും തീവ്രവിമര്‍ശകനായിരുന്നു. എങ്കിലും ഡിക്കന്‍സ് നഗരജീവിതം ചിത്രീകരിച്ചപ്പോള്‍ ഹാര്‍ഡി പ്രധാനമായും ശ്രദ്ധിച്ചത് ഗ്രാമീണസമൂഹത്തിന്റെ ശോഷണം ചിത്രീകരിക്കുന്നതിലാണ്.

ജീവിതകാലമത്രയും കവിതകള്‍ രചിക്കുകയും പ്രധാനമായും ഒരു കവിയായി സ്വയം വിലയിരുത്തുകയും ചെയ്‌തെങ്കിലും ഹാര്‍ഡിയുടെ കവിതകളുടെ ആദ്യസമാഹാരം വെളിച്ചം കണ്ടത് 1898ല്‍ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാലയശ്ശസ് ഫാര്‍ ഫ്രം ദ മാഡിങ്ങ് ക്രൗഡ് (1874), കാസ്റ്റര്‍ബ്രിഡ്ജിലെ മേയര്‍ (1886), ടെസ് ഓഫ് ദ ഡൂര്‍ബെര്‍വില്‍സ് (1891), ജൂഡ് ദ ഒബ്‌സ്‌ക്യൂര്‍ (1895) എന്നീ നോവലുകളെ ആശ്രയിച്ചായിരുന്നു. എന്നാല്‍ 1950കള്‍ മുതല്‍ ഇംഗ്ലീഷ് ഭാഷയിലെ ഒരു മുഖ്യകവി എന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ അംഗീകരിക്കപ്പെട്ടു. 195060കളില്‍ ഫിലിപ്പ് ലാര്‍ക്കിന്‍, ഇലിസബത്ത് ജെന്നിങ്ങ്‌സ് തുടങ്ങിയ കവികള്‍ അദ്ദേഹത്തിന്റെ പ്രഭാവത്തില്‍ വന്നു.

ആനുകാലികങ്ങളില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട ഹാര്‍ഡിയുടെ നോവലുകള്‍ മിക്കവയും, പകുതി സാങ്കല്പികം എന്നു പറയാവുന്ന ‘വെസക്‌സ്’ എന്ന പ്രദേശം പശ്ചാത്തലമാക്കിയാണ്. സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തമാണ് അവയുടെ വിഷയം. ഹാര്‍ഡിയുടെ വെസക്‌സിന്റെ മാതൃക, മദ്ധ്യകാലത്തെ ആംഗ്ലോസാക്‌സന്‍ രാജ്യമായിരുന്നു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡോര്‍സെറ്റ്, വില്‍റ്റ്ഷയര്‍, ഡെവോണ്‍, ഹാമ്പ്ഷയര്‍, ബര്‍ക്ക്ഷയറിന്റെ ഏറിയ ഭാഗം എന്നിവ അതില്‍ ഉള്‍പ്പെടുന്നതായി കരുതപ്പെടുന്നു.

Comments are closed.