DCBOOKS
Malayalam News Literature Website

ടി.കെ.മാധവന്റെ ജന്മവാര്‍ഷികദിനം

ഈഴവ സമുദായ പരിഷ്‌ക്കര്‍ത്താക്കളില്‍ പ്രമുഖനും 1924-ല്‍ നടന്ന വൈക്കം സത്യഗ്രഹത്തിലെ പ്രധാന നേതാവുമായിരുന്നു ടി.കെ മാധവന്‍. 1885 സെപ്റ്റംബര്‍ രണ്ടിന് മാവേലിക്കരയ്ക്കടുത്തുള്ള കണ്ണമംഗലം എന്ന ഗ്രാമത്തിലായിരുന്നു ടി.കെ മാധവന്റെ ജനനം. പഠനകാലത്തു തന്നെ ഉയര്‍ന്ന ബുദ്ധിശക്തിയും സംഘടനാസാമര്‍ത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു.

1914-ല്‍ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങുകയും അധഃകൃതരുടെ അവകാശങ്ങള്‍ നേടാന്‍ പത്രം ഉപയോഗിക്കുകയും ചെയ്തു. വഴി നടക്കാനും സ്‌കൂളില്‍ പഠിക്കാനും ക്ഷേത്രത്തില്‍ ആരാധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാദിച്ചു. കുമാരനാശാന്‍ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം മാത്രമാണ് ചോദിച്ചതെങ്കില്‍ ക്ഷേത്രത്തില്‍ ശ്രീകോവില്‍ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു മാധവന്റെ പോരാട്ടം. വൈക്കം, തിരുവാര്‍പ്പ്, കണ്ണന്‍കുളങ്ങര എന്നീ സ്ഥലങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.

1917,1918 എന്നീ വര്‍ഷങ്ങളില്‍ ടി.കെ മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. 1927-ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി. മദ്യവര്‍ജ്ജന പ്രസ്ഥാനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഡോ. പല്പു, ഹരിദാസി, ക്ഷേത്രപ്രവേശനം, എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. 1930 ഏപ്രില്‍ 27-നായിരുന്നു ടി.കെ മാധവന്റെ അന്ത്യം.

Comments are closed.