സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മവാര്‍ഷിക ദിനം
പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 -1916 മാര്‍ച്ച് 28). സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോള്‍ നിര്‍ഭയമായി പത്രം നടത്തുകയും അഴിമതികളും മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
1878 മെയ് 25ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛന്‍ നരസിംഹന്‍ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവന്‍ കേശവപിള്ളയാണ് രാമകൃഷ്ണനെ പഠിപ്പിച്ചത്. 1887 മുതല്‍ നെയ്യാറ്റിന്‍കര ഇംഗ്ലീഷ് സ്‌കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനോട് ചേര്‍ന്ന ഹൈസ്‌കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തുടര്‍പഠനം നടത്തി.
ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തു തന്നെ കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി,കേരളന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു.
രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട പല ആധുനികമായ ആശയങ്ങളും ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്നത് രാമകൃഷ്ണപിള്ളയാണ്. പൊതുജനം, സമുദായം, സ്വത്തവകാശം, ഭരണവ്യവസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാമകൃഷ്ണപിള്ള ആനുകാലികങ്ങളില്‍ എഴുതിയിരുന്നു. ആള്‍ക്കൂട്ടം സമുദായം എന്നീ വാക്കുകളെ ഇങ്ങനെയാണു ഇദ്ദേഹം മനസ്സിലാക്കുന്നത്. രാജാവിനേയും ഉദ്യോഗസ്ഥവൃന്ദത്തേയും വിമര്‍ശിക്കുന്ന രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ലേഖനങ്ങള്‍ തിരുവിതാംകൂറില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി.
ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവര്‍ണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവില്‍ പിന്തുണച്ചിട്ടുള്ളത്. പണ്ഡിറ്റ് കറുപ്പന്‍ രചിച്ച ബാലകലേശം എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച ഈ കൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമര്‍ശിച്ചത് ധീവര സമുദായത്തില്‍ ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവര്‍ണ്ണരായ കുട്ടികളെയും അവര്‍ണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപിള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.
Comments are closed.