DCBOOKS
Malayalam News Literature Website

ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ജന്മവാര്‍ഷികദിനം

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്‌നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള 1864 നവംബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്‌ഠേശ്വരത്ത് ജനിച്ചു. കുളവറ വിളാകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണപിള്ളയും നാരായണിയുമായിരുന്നു മാതാപിതാക്കള്‍.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പേട്ടയിലെ സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. ഇംഗ്ലീഷിനു പുറമേ സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹത്തിനു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. കവിയൂര്‍ പരമേശ്വരന്‍ മൂസതിന്റെ കീഴില്‍ വൈദ്യവും അഭ്യസിച്ചിട്ടുണ്ട്. പിന്നീട് കണ്ടെഴുത്ത് വകുപ്പില്‍ ജോലി നോക്കുകയുണ്ടായി. അതുകഴിഞ്ഞ് മജിസ്‌ട്രേറ്റ് പരീക്ഷ പാസായപ്പോള്‍ തിരുവനന്തപുരത്തെത്തി പ്രാക്ടീസ് തുടങ്ങി.

ബാലിവിജയം എന്ന തുള്ളല്‍ കൃതിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി. പിന്നീട് ധര്‍മ്മഗുപ്ത വിജയം ആട്ടക്കഥ എഴുതി. അറുപതോളം കൃതികളുടെ കര്‍ത്താവാണ് ശ്രീകണ്‌ഠേശ്വരം. പത്മനാഭപിള്ളയുടെ മാസ്റ്റര്‍പീസ് എന്നു പറയുന്നത്, ഇരുപത് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ ശബ്ദതാരാവലിയെന്ന നിഘണ്ടു തന്നെയാണ്. 32മതു വയസ്സിലാണ് അദ്ദേഹം ശബ്ദതാരാവലി എഴുതിത്തുടങ്ങിയത്. 1946 മാര്‍ച്ച് 4ന് അദ്ദേഹം അന്തരിച്ചു.

Comments are closed.