സിമോണ്‍ ദി ബൊവെയുടെ ജന്മവാര്‍ഷികദിനം
ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും സ്ത്രീവാദിയും സാമൂഹികസൈദ്ധാന്തികയും ആയിരുന്നു സിമോണ്‍ ദി ബൊവ. 1908 ജനുവരി ഒന്‍പതിന് പാരിസിലായിരുന്നു ജനനം. 15 വയസ്സാകുമ്പോള്‍ത്തന്നെ സിമോന്‍ ദി ബൊവ ഒരു എഴുത്തുകാരിയാകാന്‍ തീരുമാനിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ അവഗാഹം നേടിയെങ്കിലും തത്ത്വചിന്തയിലുള്ള താല്പര്യം പാരീസ് സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠിക്കാന്‍ പ്രേരിപ്പിച്ചു. ഴാങ്‌പോള്‍ സാര്‍ത്ര് അടക്കമുള്ള നിരവധി യുവബുദ്ധിജീവികളെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്.
സിമോന്‍ ദ് ബൊവ ജീവിതകാലം മുഴുവന്‍ സാര്‍ത്രുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹംചെയ്യാനും കുടുംബജീവിതം നയിക്കാനും തയ്യാറായില്ല. ഈ സ്വകാര്യജീവിതം അവരുടെ സാഹിത്യജീവിതത്തെപ്പോലെതന്നെ ആദരിക്കപ്പെട്ടിരുന്നു.
നോവലുകളും തത്ത്വചിന്ത, രാഷ്ട്രീയം, സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളും ഉപന്യാസങ്ങളും ജീവചരിത്രങ്ങളും നിരവധി വാല്യങ്ങള്‍ അടങ്ങുന്ന ആത്മകഥയും അവര്‍ രചിച്ചിട്ടുണ്ട്. ഷീ കേം റ്റു സ്‌റ്റേ, മാന്‍ഡരിന്‍സ് തുടങ്ങിയ അതിഭൗതികനോവലുകളും 1949-ല്‍ എഴുതിയ ദ സെക്കന്‍ഡ് സെക്‌സ് എന്ന പഠനവുമാണ് സിമോണ്‍ ദി ബോവയെ ശ്രദ്ധേയയാക്കിയത്. സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതിയാണ് സിമോണ്‍ ദി ബൊവെയുടെ സെക്കന്‍ഡ് സെക്‌സ്.1986 ഏപ്രില്‍ 14ന് ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു സിമോണ്‍ ദി ബുവെയുടെ അന്ത്യം.
Comments are closed.