ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍; സര്‍ദാര്‍ പട്ടേലിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം
ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികദിനാണ് ഇന്ന്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ട പട്ടേലിന്റെ ജന്മദിനം ഏകതാ ദിനമായാണ് രാജ്യം ആചരിക്കുന്നത്.
1875 ഒക്ടോബര്‍ 31ന് ഗുജറാത്തിലെ ആനന്ദ് താലൂക്കില്‍പ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തിലാണ് വല്ലഭ ഭായി പട്ടേല്‍ ജനിച്ചത്.പട്ടീദാര്‍ വംശജരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഝാന്‍സി റാണിയുടെ സൈന്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ യുദ്ധം ചെയ്ത ആളായിരുന്നു വല്ലഭായിയുടെ പിതാവ്.
നദിയാദ്, പെറ്റ്‌ലാദ്, ബോസാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ, അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ വല്ലഭായി മടിച്ചിരുന്നില്ല.22 ആമത്തെ വയസ്സിലാണ് പട്ടേല്‍ തന്റെ മെട്രിക്കുലേഷന്‍ വിജയിക്കുന്നത്. ഒരു ബാരിസ്റ്ററാവണം എന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹം.കഠിനാധ്വാനം കൊണ്ട് പട്ടേല്‍ രണ്ടു വര്‍ഷം കൊണ്ട് ബാരിസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. കുറേ നാളത്തെ പരിശ്രമം കൊണ്ട് ഒരു നല്ല അഭിഭാഷകന്‍ എന്ന പേരു സമ്പാദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ഗോധ്ര, ബോസാദ്, ആനന്ദ് എന്നിവിടങ്ങളില്‍ പട്ടേല്‍ അഭിഭാഷകവൃത്തി ചെയ്തു. ബോസാദിലെ എഡ്വേഡ് മെമ്മോറിയല്‍ സ്‌കൂളിന്റെ സ്ഥാപകരിലൊരാളും ആദ്യ ചെയര്‍മാനും പട്ടേലായിരുന്നു. തന്റെ 36 ആമത്തെ വയസ്സില്‍ പട്ടേല്‍, ലണ്ടനിലെ മിഡ്ഡില്‍ ടെംപിള്‍ ഇന്നില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേര്‍ന്നു. ലണ്ടനില്‍ നിന്നും തിരിച്ചു വന്ന പട്ടേല്‍, അഭിഭാഷക മേഖലയില്‍ സ്വന്തമായ ഒരു വിലാസം ഉണ്ടാക്കിയെടുത്തു. ഇന്ത്യയിലും ലോകമൊട്ടാകെയും തലവന്‍ എന്ന് അര്‍ത്ഥം വരുന്ന സര്‍ദാര്‍ എന്ന പേരില്‍ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.
ബ്രിട്ടീഷ് രാജിന്റെ കാടന്‍ നിയമങ്ങള്‍ക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കര്‍ഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്യാന്‍ നിസ്സഹകരണത്തിന്റേയും, അഹിംസയുടേയും മാര്‍ഗ്ഗമാണ് പട്ടേല്‍ സ്വീകരിച്ചിരുന്നത്. ഇക്കാലയളവില്‍ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേല്‍. വൈകാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃതലത്തിലേക്കുയര്‍ന്ന പട്ടേല്‍ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.
ഇന്ത്യാ വിഭജനത്തിനുശേഷം, പഞ്ചാബിലേയും, ഡല്‍ഹിയിലേയും അഭയാര്‍താഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു. ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത് പട്ടേലായിരുന്നു. 565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേല്‍ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴില്‍ കൊണ്ടു വന്നു.വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു. 1991 ല്‍രാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. പട്ടേല്‍ ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ എന്ന പേരിലും അറിയിപ്പെടുന്നു. 1950 ഡിസംബര്‍ 15 ന് അദ്ദേഹം അന്തരിച്ചു.