DCBOOKS
Malayalam News Literature Website

സാലിം അലിയുടെ ജന്മവാര്‍ഷിക ദിനം

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട വ്യക്തിയാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണം ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും പ്രകൃതിസ്‌നേഹത്തിനും അടിത്തറയിട്ടു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സാലിം അലി എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രശസ്തവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ കുറിച്ചെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. പക്ഷിമനുഷ്യന്‍ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

1896 നവംബര്‍ 12-ന് ബോംബെയിലായിരുന്നു സാലിം അലിയുടെ ജനനം. ബോംബെയില്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ ഗൈഡായി ജോലിയില്‍ പ്രവേശിച്ചെങ്കിലും ബര്‍ലിന്‍ സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിന് പോയി. 1930-ല്‍ ഹൈദരാബാദ്, ഗ്വാളിയാര്‍, ഭോപ്പാല്‍, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ക്കു വേണ്ടി പക്ഷിസര്‍വ്വേകള്‍ നടത്തി. 1947-ല്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി ജേര്‍ണലിന്റെ പത്രാധിപരായി. പിന്നീട് സൊസൈറ്റിയുടെ സെക്രട്ടറിയായി. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ബ്രിട്ടീഷ് ഓര്‍ണിത്തോളജിസ്റ്റ് യൂണിയന്‍ പുരസ്‌കാരം, പാള്‍ഗെറ്റി ഇന്റര്‍നാഷണല്‍ പ്രൈസ്, ജോണ്‍ ഫിലിപ്‌സ് മെമ്മോറിയല്‍ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഒരു കുരുവിയുടെ പതനം'( The Fall Of A Sparrow) 1985-ലാണ് പ്രസിദ്ധപ്പെടുത്തിയത്. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987 ജൂണ്‍ 20-ന് തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു.

Comments are closed.