രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനം
ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായി 1944 ഓഗസ്റ്റ് 20ന് മുംബൈയിലായിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. നാല്‍പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായിരുന്നു രാജീവ് ഗാന്ധിയുടെ വിദ്യാഭ്യാസം. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയന്‍ വംശജയായ അന്റോണിയ അല്‍ബിനാ മൈനോ എന്ന പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. ഏറെ വൈകാതെ അദ്ദേഹം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വൈമാനികനായി ജോലിയില്‍ പ്രവേശിച്ചു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യത്തില്‍ രാജീവ് തീരെ തല്‍പ്പരനായിരുന്നില്ല. എന്നാല്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ രാജീവിനെ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491-ല്‍ 404 സീറ്റുകള്‍ കരസ്ഥമാക്കിയാണ് അത്തവണ കോണ്‍ഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒട്ടനവധി നവീന പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങള്‍ നടപ്പിലാക്കി. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു. അയല്‍രാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്.
1991-ലെ പൊതുതെരഞ്ഞെടുപ്പു വരെ രാജീവ് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടര്‍ന്നു. 1991-ലെ പൊതുതെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ വധിക്കപ്പെട്ടു. മരണാനന്തരം 1991-ല്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.
Comments are closed.