DCBOOKS
Malayalam News Literature Website

രാജ് കപൂറിന്റെ ജന്മവാര്‍ഷികദിനം

പ്രശസ്ത ഹിന്ദി നടനും നിര്‍മ്മാതാവും സംവിധായകനുമായിരുന്ന രാജ് കപൂര്‍. 1924 ഡിസംബര്‍ 14ന് ഇന്നത്തെ പാകിസ്താനിലുള്ള പെഷാവറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒരു ബഹുമുഖ പ്രതിഭയായിരുന്ന രാജ് കപൂര്‍ നടന്‍ പൃഥ്വിരാജ് കപൂറിന്റെ മകനാണ്. പ്രശസ്ത നടന്മാരായ ഷമ്മികപൂറും, ശശികപൂറും രാജ്കപൂറിന്റെ ഇളയ സഹോദരന്മാരാണ്.

ഒരു ക്ലാപ്പര്‍ ബോയ് ആയാണ് രാജ് കപൂര്‍ തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂര്‍ ആദ്യമായി അഭിനയിച്ചത്. 24-ാമത്തെ വയസ്സില്‍ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്റെ സ്റ്റുഡിയോയായ ആര്‍.കെ.സ്റ്റുഡിയോയില്‍ വച്ചാണ് ‘ആഗ്’ എന്ന സിനിമ നിര്‍മ്മിച്ചത്. ആഗ് സിനിമ സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ഇതോടെ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ ആയി അദ്ദേഹം അറിയപെട്ടു, 1951-ല്‍ ‘ആവാര’ എന്ന സിനിമയില്‍ രാജ് കപൂര്‍ ഒരു യാചകന്റെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് ‘ഇന്ത്യയുടെ ചാര്‍ളിചാപഌന്‍’ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.

1973-ല്‍ ഇറങ്ങിയ ‘ബോബി’ കൗമാര റൊമാന്‍സിന്റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീര്‍ന്നു. ഈ ചിത്രത്തില്‍ രാജ്കപൂര്‍ തന്റെ മകന്‍ ഋഷികപൂറിനെ ആദ്യമായി അഭിനയിപ്പിച്ചു. രാജ്കപൂറിന് 1971-ല്‍ പത്മഭൂഷണും 1987-ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1988 ജൂണ്‍ രണ്ടാം തീയതി അദ്ദേഹം അന്തരിച്ചു.

Comments are closed.