DCBOOKS
Malayalam News Literature Website

പി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം

മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായിരുന്നു പത്മരാജന്‍. അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച ആ പ്രതിഭാശാലി. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വനായിരുന്നു അദ്ദേഹം.

പത്മരാജന്‍ എന്ന അതുല്യനായ ചലച്ചിത്രകാരനിലെ പിതൃബിംബത്തെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ അടങ്ങുന്ന പുസ്തകം ‘മകന്റെ കുറിപ്പുകള്‍‘  അടുത്തിടെയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചത്. മോഹന്‍ലാല്‍, ഉണ്ണി മേനോന്‍, ചിത്തിര പണിക്കര്‍, ജെ. ആര്‍. പ്രസാദ്, ഗോപാലന്‍ തുടങ്ങി പലരും പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭ പിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായിട്ടായിരുന്നു പി. പത്മരാജന്റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതവും സ്വായത്തമാക്കി. പഠിക്കുന്ന കാലത്തു തന്നെ കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.

1971-ല്‍ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും കരസ്ഥമാക്കി. വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, രതിനിര്‍വ്വേദം, ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയവയാണ് ശ്രദ്ധേയ രചനകളില്‍ ചിലത്.

മോഹന്‍ലാലിനൊപ്പം സിനിമാചിത്രീകരണവേളയില്‍

നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പത്മരാജന്റെ സിനിമാ ജീവിതത്തെ തേടിയെത്തി. പെരുവഴിയമ്പലം (1979), തിങ്കളാഴ്ച നല്ല ദിവസം (1986) എന്നിവയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1978-ല്‍ രാപ്പാടികളുടെ ഗാഥയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും 1979ല്‍ പെരുവഴിയമ്പലത്തിന് മികച്ച കഥ, മികച്ച രണ്ടാമത്തെ ചിത്രം എന്നീ സംസ്ഥാന പുരസ്‌കാരങ്ങളും കിട്ടി. 1983-ലെ ജനപ്രീതി നേടിയതും കലാമൂല്യമുള്ളതുമായ ചിത്രമായി കൂടെവിടെ തിരഞ്ഞെടുക്കപ്പെട്ടു. 1984-ല്‍ കാണാമറയത്തും 1988-ല്‍ അപരനും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ രാധാലക്ഷ്മിക്കൊപ്പം

1991 ജനുവരി 24-നായിരുന്നു പത്മരാജന്റെ അപ്രതീക്ഷിത വിയോഗം. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രചാരണപരിപാടികള്‍ക്കിടെ കോഴിക്കോട് വെച്ചായിരുന്നു അന്ത്യം.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മരാജന്റെ മുഴുവന്‍ കൃതികളും വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.