DCBOOKS
Malayalam News Literature Website

വിഷാദം കൊണ്ട് കഥയെഴുതിയ നന്തനാര്‍

ജനുവരി 5- നന്തനാരുടെ ജന്മവാര്‍ഷികദിനം

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. വിശപ്പും മരണവും ദുരിതവും നന്തനാര്‍ കഥകളിലെ അന്തര്‍ധാരയായിരുന്നു. നന്തനാര്‍ കഥകളില്‍ വിശപ്പ് മുഖ്യകഥാപാത്രമാകുന്നു. ശരീരത്തിന്റേതു മാത്രമല്ല ഈ വിശപ്പ്, മനസ്സിന്റേതു കൂടിയാണ്. വിശപ്പ് ജീവിതത്തെ ഉടനീളം വേട്ടയാടുകയാണ്. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന, അനാഥത്വം, ഏകാന്തത, രോഗങ്ങള്‍, കടങ്ങള്‍ എന്നിങ്ങനെ ദുസ്സഹമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ – തന്റെ കഥകളിലൂടെ നന്തനാര്‍ വരച്ചു കാട്ടുന്ന മനുഷ്യ ചിത്രം ഇതാണ്. ഈ കഥകളുടെ വായന മനുഷ്യ മഹത്ത്വത്തെക്കുറിച്ച് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Text1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍സിസി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ മരണം വരെ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു ജോലി.

ആത്മാവിന്റെ നോവുകള്‍, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, മഞ്ഞക്കെട്ടിടം, ഉണ്ണിക്കുട്ടന്‍ വളരുന്നു , ആയിരം വല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. ഇതിന് പുറമേ ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.

മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം.

1974 ഏപ്രില്‍ 24ന് അദ്ദേഹം അന്തരിച്ചു.

നന്തനാരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.