എം. എസ്. വിശ്വനാഥന്റെ ജന്മവാര്‍ഷികദിനം
എം.എസ്. വിശ്വനാഥന്‍ (എം.എസ്.വി.) (ജൂണ്‍ 24, 1928- ജൂലൈ 14, 2015) തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ്. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി മനയങ്കത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍ എന്ന എം.എസ്. വിശ്വനാഥന്‍ ജനിച്ചു. അദ്ദേഹത്തിന് നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ സുബ്രഹ്മണ്യന്‍ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും, മുത്തച്ഛന്‍ വിശ്വനാഥനെ രക്ഷിച്ചു.
ആദ്യം തിരുച്ചിറപ്പള്ളിയിലും പിന്നീട് കണ്ണൂരിലും അദ്ദേഹം വളര്‍ന്നു. ചെറുപ്പകാലത്ത് സിനിമാശാലയില്‍ ഭക്ഷണം വിറ്റു നടന്നിരുന്ന എം.എസ്.വി. കണ്ണൂരിലെ നീലകണ്ഠ ഭാഗവതരില്‍ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സില്‍ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തിയ ഇദ്ദേഹം പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീതസംവിധായകനായിത്തീര്‍ന്നു. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു.
ആദ്യകാലത്ത് മറ്റൊരു പ്രധാന സംഗീതജ്ഞനായിരുന്ന ടി.കെ. രാമമൂര്‍ത്തിയ്‌ക്കൊപ്പം വിശ്വനാഥന്‍രാമമൂര്‍ത്തി എന്ന പേരിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. നൂറോളം ചിത്രങ്ങള്‍ ഇവര്‍ ഒന്നിച്ച് ചെയ്തു. കണ്ണദാസനാണ് ഇവരുടെ ഗാനങ്ങള്‍ അധികവും എഴുതിയത്. 1965ല്‍ ഇവര്‍ പിരിഞ്ഞു. പിന്നെയും ഒരുപാട് ചിത്രങ്ങള്‍ക്ക് എം.എസ്.വി. ഈണം പകര്‍ന്നു. ഇക്കാലത്തുതന്നെ അദ്ദേഹം മലയാളത്തിലും ഒരുപാട് ഗാനങ്ങള്‍ ചെയ്തു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തന്‍ മാനങ്ങള്‍ നല്‍കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓര്‍ക്കസ്ട്‌റേഷന്‍ സംവിധാനങ്ങളും ഇന്ത്യന്‍ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സംഗീത സംവിധാനം നിര്‍വഹിച്ചത് ഇദ്ദേഹമാണ്. 2015 ജൂലൈ 14ന് തന്റെ 87ആം വയസ്സില്‍ ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ വച്ച് ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതയായ ജാനകിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്.
Comments are closed.