DCBOOKS
Malayalam News Literature Website

കുഞ്ഞുണ്ണി മാഷിന്റെ ജന്മവാര്‍ഷിക ദിനം

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 മാര്‍ച്ച് 26, 2006). ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ല്‍ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരില്‍ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.

കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളല്‍ക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.

മലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാര്‍ശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാല്‍ശതം കുഞ്ഞുണ്ണി എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകള്‍ സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. ആദ്യകാല കവിതകള്‍ ഇവയെ അപേക്ഷിച്ച് ദൈര്‍ഘ്യമുള്ളവയാണ്. എന്നാല്‍ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തില്‍ത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുന്‍ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ’ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നര്‍മ്മബോധത്തിനും പ്രശസ്തമാണ്. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.

 

Comments are closed.