DCBOOKS
Malayalam News Literature Website

കുമാരനാശാന്റെ ജന്മവാര്‍ഷികദിനം

മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12-ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായി. ജോലി ഉപേക്ഷിച്ച് സംസ്‌കൃതപാഠശാലയില്‍ ചേര്‍ന്ന് സംസ്‌കൃതപഠനം ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ ശിക്ഷ്യനാകുന്നതും.

1907 നവംബറില്‍ മിതവാദി പത്രികയില്‍ വീണപൂവ് പ്രസിദ്ധീകരിച്ചതോടെയാണ് ആശാന്‍ പെട്ടന്ന് പ്രസിദ്ധനായത്. മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

1903ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചപ്പോള്‍ കുമാരനാശാനായിരുന്നു അതിന്റെ സെക്രട്ടറി. യോഗത്തിന്റെ മുഖുപത്രമായി പ്രസിദ്ധീകരിക്കപ്പെട്ട വിവേകോദയത്തിന്റെ പത്രാധിപരും അദ്ദേഹമായിരുന്നു. 1922-ല്‍ നിയമസഭാംഗമായി. 1922-ല്‍ വെയില്‍സ് രാജകുമാരന്‍ പട്ടും വളയും സമ്മാനിച്ചു. 1924 ജനുവരി 16-ന് പല്ലനയാറ്റില്‍ വെച്ചുണ്ടായ റെഡീമര്‍ ബോട്ടപകടത്തിലായിരുന്നു കുമാരനാശാന്റെ മരണം.

Comments are closed.