ജോണ്‍ എബ്രഹാമിന്റെ ജന്മവാര്‍ഷികദിനം
ചലച്ചിത്രസംവിധായന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോണ്‍ എബ്രഹാം ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനിച്ചു. കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റണ്‍ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. 1962-ല്‍ കോയമ്പത്തൂരിലെ എല്‍.ഐ.സി ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ജോലി രാജിവെച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. സ്വര്‍ണ്ണമെഡലോടു കൂടി സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജോണ്‍ എബ്രഹാം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു.
ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തില്‍ സ്വാധീനിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുന്‍പ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്‌കി റൊട്ടി (1969) എന്ന സിനിമയില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ ജോണ്‍ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോണ്‍ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.
1972-ല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാന്‍ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമര്‍ശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിര്‍ത്തി.’അഗ്രഹാരത്തിലെ കഴുത’യെന്ന ചിത്രത്തിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോണ്‍ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവര്‍ണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളിയോടെയായിരുന്നു. ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍’ ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോണ്‍ വരച്ചുകാട്ടി. ചിത്രത്തില്‍ ഒരു ഭൂപ്രഭുവിനെ ജോണ്‍ തെങ്ങിന്‍മുകളിലേക്കു കയറ്റിയതു ഒട്ടേറെ അര്‍ഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ക്കാനും, ചോരയിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു ‘അമ്മ അറിയാന്‍’ എന്ന ചലച്ചിത്രം.
അഗ്രഹാരത്തില്‍ കഴുതൈ (തമിഴ്) സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സംവിധാനത്തിനുള്ള പ്രത്യേക അവാര്‍ഡ്, അമ്മ അറിയാന്‍ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ നേടി. 1987 മേയ് 31-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.