ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മവാര്‍ഷിക ദിനം
മലയാളത്തിലെ കാല്‍പനിക കവികളില്‍ ഒരു കവിയാണ് ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30-1936 ജൂലൈ 5). മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവന്‍പിള്ളയുമാണ്. ഇറ്റാലിയന്‍ കാല്പനികകവിയായ ലിയോപാര്‍ഡിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം,അപകര്‍ഷവിചാരങ്ങള്‍, പ്രേമതരളത, മരണാഭിരതി എന്നിവയാണ് ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
1909 ജൂണ്‍ 30 ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തുവീട്ടില്‍ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. ഗര്‍ഭാശയാര്‍ബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തില്‍ത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂര്‍ എക്‌സൈസ് വകുപ്പില്‍ ശിപായിയായിരുന്ന അച്ഛന്‍ പുനര്‍വിവാഹം ചെയ്തു. പിതാവിന്റെ നിര്‍ബന്ധപ്രകാരം രാഘവന്‍ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജന്‍ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.
1915ല്‍ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് 1919ല്‍ ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്‌കൂളില്‍ ചേര്‍ന്ന് 3ആം സ്റ്റാന്‍ഡേര്‍ഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ ചേര്‍ന്നു. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങള്‍, ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീര്‍ന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോന്‍, ഇടപ്പള്ളി കരുണാകരമേനോന്‍ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീര്‍ന്നു.
1927ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിച്ചേര്‍ന്ന് സ്‌കൂള്‍ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു.ഹൈസ്‌കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാരപത്രമായ ‘ശ്രീമതി’യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരളകേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയില്‍ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവര്‍ഷം 1110ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാരഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാലവഴി തന്നെ ഹൃദയസ്മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.
കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടില്‍ താമസിക്കുന്ന് കാലത്താണ് താന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5ന് (കൊല്ലവര്‍ഷം 1111 മിഥുനം 21ആം തീയതി) ശനിയാഴ്ച രാതി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണപിള്ളയുടെ വീട്ടില്‍ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു രാഘവന്‍ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചുവന്നു. ദിനപ്പത്രങ്ങളില്‍ മരണവാര്‍ത്ത വന്നതും അതേദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’വുമായി മലയാളരാജ്യം ജൂലൈ 7ന് പുറത്തിറങ്ങി.
Comments are closed.