DCBOOKS
Malayalam News Literature Website

ചെമ്പകരാമന്‍ പിള്ള; ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മലയാളി

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മലയാളിയായിരുന്നു ചെമ്പകരാമന്‍ പിള്ള. ഇന്ത്യയെ വിദേശാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച രാജ്യസ്‌നേഹി.

1891 സെപ്റ്റംബര്‍ 15-ന് തിരുവനന്തപുരത്തായിരുന്നു ചെമ്പകരാമന്‍ പിള്ളയുടെ ജനനം. ഇറ്റലിയിലും ജര്‍മ്മനിയിലുമായി അദ്ദേഹം ഉപരിപഠനം നടത്തി. ബര്‍ലിനിലെ ഇന്ത്യാക്കാരെ സംഘടിപ്പിച്ച് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് കമ്മിറ്റി എന്നൊരു സംഘടന രൂപീകരിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെ തോല്‍പ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. സൂറിച്ചില്‍ നിന്നും പ്രോ ഇന്ത്യ എന്നൊരു പത്രവും ആരംഭിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ എംഡന്‍ എന്ന മുങ്ങിക്കപ്പലില്‍ ചെമ്പകരാമനും ഉണ്ടായിരുന്നു. 1914 സെപ്റ്റംബര്‍ 22-ന് എംഡന്‍ മദ്രാസ് തുറമുഖത്ത് ഷെല്‍ വര്‍ഷിച്ചു.

1919-ല്‍ കാബൂളില്‍ വിപ്ലവകാരികള്‍ സ്ഥാപിച്ച സ്വതന്ത്ര ഭാരത സര്‍ക്കാരിന്റെ പ്രസിഡന്റ് ഡോ.രാജ മഹേന്ദ്ര പ്രതാപും പ്രധാനമന്ത്രി മൗലാനാ ബര്‍ഖത്തുള്ളയും വിദേശകാര്യ മന്ത്രി ചെമ്പകരാമന്‍ പിള്ളയും ആയിരുന്നു. സര്‍ദാര്‍ കെ.എം പണിക്കര്‍, എം.എന്‍ റോയ്, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ ജര്‍മ്മനിയില്‍ ചെമ്പരാമന്‍ പിള്ളയുടെ അതിഥികളായെത്തിയിരുന്നു. 1923-ല്‍ കെനിയയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്നതിനുവേണ്ടി ബര്‍ലിനില്‍ പൊതുസമ്മേളനം വിളിച്ചുകൂട്ടി. 1924-ല്‍ ഭാരതത്തില്‍ നിന്നുള്ള കൗതുക വസ്തുക്കളുടെ ഒരു പ്രദര്‍ശനം യൂറോപ്പില്‍ സംഘടിപ്പിച്ചു. ലീഗ് ഓഫ് ഒപ്രസ്ഡ് നേഷന്‍സ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹം. 1933-ല്‍ സുഭാഷ് ചന്ദ്രബോസിനെ പരിചയപ്പെട്ടു. ആസാദ് ഹിന്ദു ഗവണ്‍മെന്റ് അങ്ങനെയാണ് രൂപമെടുക്കുന്നത്. 1934 മെയ് 26-ന് ബെര്‍ലിനിലെ പ്രഷ്യന്‍ സ്‌റ്റേറ്റ് ആശുപത്രിയില്‍ വെച്ച് വച്ച് 43-ാം വയസ്സില്‍ ചെമ്പകരാമന്‍ പിള്ള അന്തരിച്ചു.

Comments are closed.