മാഡം ഭിക്കാജി കാമ; ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീരവനിത
നവറോജിയോടും, ശ്യാംജിയോടുമൊപ്പം 1905 ല്‍ ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടു
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീരവനിതയായിരുന്നു ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ. 1907 ല്‍ ജര്‍മ്മനിയിലെ സ്റ്റ്ട്ട്ഗര്‍ട്ടില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് വേദിയില്‍ ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തി അവര്‍ ശ്രദ്ധ നേടി.1861 സെപ്റ്റംബര്‍ 24-നായിരുന്നു അവരുടെ ജനനം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടില്‍ നടക്കുന്ന സ്വാതന്ത്ര്യസമരം മാഡം കാമയെ ഏറെ ആകര്‍ഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് അവര്‍ കണ്ടിരുന്നത്.
1896 ഒക്ടോബറില്‍ ബോംബെ പ്രവിശ്യയില്‍ കടുത്ത ക്ഷാമവും, അതിനെതുടര്‍ന്ന് പ്ലേഗ് ബാധയുമുണ്ടായപ്പോള്‍, അവശതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ഗ്രാന്‍ഡ് മെഡിക്കല്‍ കോളേജ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ഭിക്കാജിയും ഭാഗഭാക്കായി. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭിക്കാജിക്കും പ്ലേഗ ബാധയുണ്ടാവുകയും അത്ഭുതകരമായി രോഗത്തെ അതിജീവിക്കുകയും ചെയ്തു. രോഗം കൊണ്ട് അവശയായി തീര്‍ന്ന ഭിക്കാജിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അവരെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ലണ്ടനിലെ ഇന്ത്യന്‍ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും, ദേശീയപ്രസ്ഥാനത്തിന്റെ വക്താവുമായ ശ്യാംജി കൃഷ്ണ വര്‍മ്മയെ പരിചയപ്പെട്ടതോടുകൂടി തിരികെ ഇന്ത്യയിലേക്കു വരുവാനുള്ള താല്‍പര്യം ഭിക്കാജിയില്‍ ശക്തമായി. ശ്യാംജിയിലൂടെ അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ നേതാവായ ദാദാഭായ് നവറോജിയെ പരിചയപ്പെടുകയും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഭിക്കാജി സേവനമാരംഭിക്കുകയും ചെയ്തു. നവറോജിയോടും, ശ്യാംജിയോടുമൊപ്പം 1905 ല്‍ ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടു. ദേശീയപ്രസ്ഥാന മുന്നേറ്റങ്ങളില്‍ പങ്കെടുക്കില്ല എന്ന ഉറപ്പിന്മേല്‍ മാത്രമേ ഭിക്കാജിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം അനുവദിക്കാനാവൂ എന്ന് അധികാരികള്‍ അറിയിച്ചപ്പോള്‍ അത്തരം ഔദാര്യം ഭിക്കാജി വേണ്ടെന്നു വെച്ചു. 1909-ല്‍ ബന്ദേ മാതരം, തല്‍വാര്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പാരീസില്‍ ആരംഭിച്ചു.1913 ഓഗസ്റ്റ് 13ന് അവര്‍ അന്തരിച്ചു.
Comments are closed.