”വിപ്ലവം നീണാള്‍ വാഴട്ടെ”; വിപ്ലവമെന്നതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് ഇന്നത്തെ അനീതി വിളയാടുന്ന വ്യവസ്ഥിതി മാറണമെന്നാണ്!
ചരിത്രത്തില്‍ ഇടംനേടിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ മഹത് വ്യക്തികളുടെ പ്രസിദ്ധമായ പ്രഭാഷണങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങളുടെ സമ്പാദനം ഡോ. രാജു വള്ളികുന്നവും വി.ഗീതയും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ബിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബ് പ്രവിശ്യയില്‍ 1907 സെപ്തംബര്‍ 28-ന് ജനിച്ചു. ദയാനന്ദ് ആംഗ്ലോവേദിക് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം തുടങ്ങി. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത്തിനെ അഗാധമായി സ്പര്‍ശിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനി ലാലാലജ്പത്‌റായി ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ലാത്തിച്ചാര്‍ജ് നടത്തിയ ജെ.പി. സാന്‍ഡേര്‍ണിന്റെ കൊലപാതകക്കേസിലാണ് ഭഗത്‌സിങ് ലാഹോര്‍ കോടതിയില്‍ വിചാരണ നേരിട്ടത്. സൈമണ്‍ കമ്മീഷനെതിരെയുള്ള പ്രകടനത്തിനു നേരെയാണ് ലാത്തിച്ചാര്‍ജ് നടന്നത്. 1928 ഡിസംബര്‍ 18-19 രാത്രിയില്‍ ലാഹോറിലെ തെരുവു ചുവരുകളില്‍ ഒട്ടിക്കപ്പെട്ട ‘ബ്യൂറോക്രസി നീ കരുതിക്കൊള്ളുക’ എന്ന ലഘുലേഖയിലാണ് ‘വിപ്ലവം നീണാള്‍ വാഴട്ടെ’ എന്ന പ്രസ്താവമുണ്ടായിരുന്നത്.
കോടതി വിചാരണയ്ക്കിടെ എന്താണ് വിപ്ലവമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു വിവരിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ നല്കിയ വിശദീകരണമാണ് ഈ പ്രസംഗം. സായുധവിപ്ലവപരമെന്നു പറയാതെ തന്നെ വിപ്ലവം മാനവരാശിക്കു മുഴുവന്‍ സ്വാതന്ത്ര്യം നല്കുമെന്നും, ഒരു മനുഷ്യനെ മറ്റൊരുവന്‍ ചൂഷണം ചെയ്യുന്നത് അവസാനിക്കുമെന്നും, അദ്ധ്വാനവര്‍ഗ്ഗത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടുമെന്നും ഭഗത്‌സിങ് വിശദീകരിക്കുന്നു. വിപ്ലവം എപ്പോഴും രക്തച്ചൊരിച്ചിലുള്ള സമരമായിരിക്കണമെന്നില്ലെന്നു ബോംബിന്റെയും തോക്കിന്റെയും ഭാഷ അതു പ്രകടിപ്പിക്കണമെന്നില്ലെന്നും സൂചിപ്പിക്കുന്നു. ഒരാളെ കൊല്ലേണ്ടി വന്നതില്‍ ഖേദിക്കുന്നുവെങ്കിലും വിപ്ലവത്തിന് അത് അനിവാര്യമാണെങ്കില്‍, തന്നെത്തന്നെ ബലി നല്കി അതു നിര്‍വ്വഹിക്കുന്നതില്‍ അപാകതയില്ലെന്നും പിന്നീട് ഭഗത്‌സിങ് പറയുകയുണ്ടായി. സായുധവിപ്ലവത്തിന്റെ വിശ്വസിച്ച ഒരു വിപ്ലവകാരിയുടെ കരുത്തുറ്റ ശബ്ദമായി ഈ പ്രസംഗം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 1931 മാര്‍ച്ച് 24-ന് ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റി.
വിപ്ലവമെന്നാല്‍
വിപ്ലവത്തിനു നിര്‍ബന്ധമായും രക്തച്ചൊരിച്ചിലുണ്ടാകേണ്ടതില്ല, വ്യക്തിപരമായ പ്രതികാരത്തിന് അതില്‍ ഒരു സ്ഥാനവുമില്ല. അതു ബോംബിന്റെയും തോക്കിന്റെയും ഒരു സമ്പ്രദായവുമല്ല. ”വിപ്ലവ”മെന്നതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് ഇന്നത്തെ അനീതി വിളയാടുന്ന വ്യവസ്ഥിതി മാറണമെന്നാണ്. ഉത്പാദകര്‍ അഥവാ തൊഴിലാളികള്‍ അവര്‍ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന വര്‍ഗ്ഗമെന്നതിനുപരിയായി അവരുടെ അദ്ധ്വാനം ചൂഷകര്‍ കൊള്ളയടിക്കുകയും അവര്‍ക്ക് പ്രാഥമികമായ അവകാശങ്ങള്‍കൂടി നിഷേധിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും ധാന്യം വിളയിക്കുന്ന കര്‍ഷകന്‍, അവന്റെ കുടുംബത്തോടൊപ്പം പട്ടിണികിടക്കുന്നു; ലോക കമ്പോളത്തിനു വസ്ത്രങ്ങള്‍ നല്കുന്ന നെയ്ത്തുകാര്‍ക്കു തങ്ങളുടെയോ തങ്ങളുടെ കുഞ്ഞുങ്ങളുടെയോ ശരീരം മുഴുവന്‍ മറയ്ക്കാന്‍ വസ്ത്രങ്ങള്‍ തികയുന്നില്ല; വര്‍ണ്ണോജ്വലങ്ങളായ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്ന മേസ്തിരിമാരും കൊല്ലന്മാരും ആശാരിമാരും ചേരികളില്‍ വെറും അധഃകൃതരായി ജീവിക്കുന്നു. സമൂഹത്തിന്റെ ഇത്തിക്കണ്ണികളായ തൊഴിലുടമകളും ചൂഷകരും അവരുടെ ഭ്രമങ്ങള്‍ക്കായി ലക്ഷങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നു. ഈ ഭീകരമായ അസമത്വവും അവസര അസംതുലനവും അവ്യവസ്ഥ സൃഷ്ടിക്കാനേ ഉപകരിക്കൂ. ഈ വ്യവസ്ഥിതി അധികനാള്‍ നിലനിന്നിട്ടില്ലയെന്നു മാത്രമല്ല, ഇപ്പോഴത്തെ സമൂഹത്തിന്റെ സുഖലോലുപത ഒരു പുകയുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലാണെന്നതും വ്യക്തമാണ്.
പരിഷ്‌കൃത നാഗരികതയുടെ ഇന്നത്തെ മുഴുവന്‍ എടുപ്പുകളും വേണ്ടസമയത്തു സംരക്ഷിച്ചില്ലെങ്കില്‍ തകര്‍ന്നടിയും. വളരെ അടിസ്ഥാനപരമായ ഒരു മാറ്റം അത്യാവശ്യമാണ്. സ്ഥിതിസമത്വപരമായി സമൂഹത്തെ പുനഃക്രമീകരിക്കേണ്ടത് ഇതു തിരിച്ചറിയുന്നവരുടെ ബാധ്യതയുമാണ്. ഇതു നടപ്പാക്കാത്തിടത്തോളം, മനുഷ്യനെ മനുഷ്യനും ദേശങ്ങളെ ദേശങ്ങളും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാത്തിടത്തോളം മനുഷ്യസമൂഹത്തിന് ഇന്ന് ഏറ്റവും ഭീഷണിയായിത്തീര്‍ന്നിട്ടുള്ള ദുരിതവും കൂട്ടക്കൊലയും തടയുവാനാവില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ലോകസമാധാനത്തിന്റെ യുഗത്തിലേക്കു കടക്കുന്നതിനെക്കുറിച്ചുമുള്ള എല്ലാ വാചകമടികളും മറയില്ലാത്ത വെറും കാപട്യങ്ങളാണ്.
‘വിപ്ലവ’മെന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് ഇത്തരം വീഴ്ചകള്‍ ഒരുതരത്തിലും ഭീഷണിയാകാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ നിര്‍മ്മാണവും അതില്‍തന്നെ, അദ്ധ്വാനവര്‍ഗ്ഗത്തിന്റെ പരമാധികാരം അംഗീകരിക്കുകയും ലോകസമൂഹം ഒന്നായി മാനവരാശിയെ മുതലാളിത്തത്തില്‍നിന്നും സാമ്രാജ്യത്വ യുദ്ധങ്ങളില്‍നിന്നും വീണ്ടെടുക്കുകയും ചെയ്യണം എന്നതാണ്.
ഇതാണ് നമ്മുടെ ആദര്‍ശം, ഈ പ്രത്യയശാസ്ത്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള്‍ ആകാവുന്നത്ര ഉച്ചത്തില്‍ ഏറ്റവും കുറ്റമറ്റ ഒരു താക്കീതു നല്കുകയുണ്ടായി.
അതു വകവയ്ക്കപ്പെടാതെയും ഉദിച്ചുയരുന്ന സ്വാഭാവിക ശക്തികള്‍ക്ക് ഇപ്പോഴത്തെ ഭരണസംവിധാനം ഒരു മാര്‍ഗ്ഗതടസ്സമാവുകയും ചെയ്താല്‍, ഉടന്‍തന്നെ ഒരു സമരം ആഞ്ഞടിക്കും. അത് എല്ലാ തടസ്സങ്ങളെയും തൂത്തെറിയുമെന്നു മാത്രമല്ല, വിപ്ലവാദര്‍ശത്തെ സഫലമാക്കാന്‍ പരുവത്തില്‍ ഒരു അദ്ധ്വാനവര്‍ഗ്ഗ സ്വേച്ഛാക്രമത്തിനു പാതയൊരുക്കുകയും ചെയ്യും.
മാനവരാശിക്ക് അന്യാധീനപ്പെടുത്തുവാനാകാത്ത ഒരു അവകാശമാണ് വിപ്ലവം. എല്ലാവരുടെയും നിഷേധിക്കപ്പെടാനാവാത്ത ജന്മാവകാശമാണ് സ്വാതന്ത്ര്യം. അദ്ധ്വാനമാണ് സമൂഹത്തിന്റെ നിലനില്പിന്റെ യഥാര്‍ത്ഥ അടിസ്ഥാനം. ജനതയുടെ പരമാധികാരമാണ് അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ആത്യന്തികവിധി. ഈ ആദര്‍ശങ്ങള്‍ക്കുവേണ്ടി, ഈ വിശ്വാസത്തിനുവേണ്ടി ഞങ്ങള്‍ക്കു വിധിക്കപ്പെടുന്ന ഏതു പീഡനവും ഞങ്ങള്‍ സ്വീകരിക്കും.
വിപ്ലവത്തിന്റെ ബലിപീഠത്തില്‍ ഞങ്ങളുടെ യൗവനം ഒരു ധൂപമായി സമര്‍പ്പിക്കുന്നു, കാരണം ഇത്ര ഉദാത്തമായ ഒരു കാരണത്തിനായുള്ള ഏതു ത്യാഗവും വലുതല്ല. ഞങ്ങള്‍ സന്തുഷ്ടരാണ്; വിപ്ലവത്തിന്റെ കാഹളം ഞങ്ങള്‍ കാക്കുകയാണ്. ”വിപ്ലവം നീണാള്‍ വാഴട്ടെ.”
Comments are closed.