DCBOOKS
Malayalam News Literature Website

ബങ്കിം ചന്ദ്രചാറ്റര്‍ജി ജന്മവാര്‍ഷികദിനം

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ രചയിതാവാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി. കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം കൊല്‍ക്കത്തയിലെ കംടാല്‍പാടയില്‍ 1838 ജൂണ്‍ 27-ന് ജനിച്ചു.

പാശ്ചാത്യചിന്തയുടെ മായികലോകത്തില്‍ അന്ധാളിച്ചു നിന്ന ബംഗാളി ഭാഷയേയും, ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം ആരംഭിച്ച പത്രമായിരുന്നു ബംഗദര്‍ശന്‍. രബീന്ദ്രനാഥ ടാഗോറിനെ പോലെയുള്ള മഹാരഥന്‍മാരുടെ സാന്നിധ്യംകൊണ്ട് ‘ബംഗദര്‍ശന്‍’ വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു.

നിരവധി നോവലുകളും കവിതകളും രചിച്ചിട്ടുള്ള ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം ആണ് ഏറ്റവും പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടര്‍ന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചാറ്റര്‍ജിയുടെ രചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാര്‍ക്ക് പ്രചോദനമാവുകയായിരുന്നു.

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിര്‍സ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായ വന്ദേമാതരം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ അളവറ്റു സ്‌നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീര്‍ത്ത ആ ധീരദേശാഭിമാനി 1894-ല്‍ അന്തരിച്ചു.

Comments are closed.