അയ്യങ്കാളിയുടെ ജന്മവാര്‍ഷികദിനം
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. തിരുവനന്തപുരം ജില്ലയിലെ വേങ്ങാനൂരില്‍ 1863 ഓഗസ്റ്റ് 28-നായിരുന്നു അയ്യങ്കാളിയുടെ ജനനം. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി.
1907-ല്‍ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യ നേതാവായിമാറി. ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും, ക്രൂരമായ അനാചാരങ്ങളെ ഭൗതികമായി തന്നെ എതിര്‍ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങള്‍. അധ:സ്ഥിതര്‍ക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്കി. 1941 ജൂണ്‍ 18-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.