ആൽഫ്രഡ് നോബൽ; നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ്
(1833 ഒക്ടോബർ 21 -1896 ഡിസംബർ 10)
നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ 1833 ഒക്ടോബർ 21ന് സ്വീഡനിലെ സ്റ്റോക്ഹോമിൽ ജനിച്ചു. ആൽഫ്രഡ് ബേൻഹാർഡ് നോബൽ എന്നാണ് മുഴുവൻ നാമം. അദ്ദേഹത്തിന്റെ അച്ഛൻ എൻജിനീയറായിരുന്നു. ബിസിനസ്സ് തകർച്ച നേരിട്ടതോടെ പിതാവ് തൊഴിൽ തേടി റഷ്യയിലേക്കു പോയി. അവിടെ ഒരു വർക്ഷോപ്പ് തുടങ്ങി. കുടുംബത്തെ റഷ്യയിലേക്കു കൊണ്ടുപോവുകയും ചെയ്തു. സെന്റ് പീറ്റേഴ്സ്ബർഗ്ഗിൽ താമസമാക്കി. മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്കുന്നതിന് അദ്ദേഹം ശ്രമിച്ചു. ആൽഫ്രഡ് 17-ാമത്തെ വയസ്സിൽ സ്വീഡിഷ്, ഇംഗ്ലീഷ് ജർമ്മൻ, റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതുവാനും വായിക്കുവാനും പ്രാവീണ്യം നേടി. തുടർന്ന് ആൽഫ്രഡിനെ പാരീസില് അയച്ച് പഠിപ്പിച്ചു. പ്രസിദ്ധ കെമിക്കൽ എൻജിനീയറായ റ്റി.ജെ. പെലോസിന്റെ ലാബിലായിരുന്നു ആൽഫ്രഡിനു പണി. അവിടെവെച്ച് ഉഗ്രവിസ്ഫോടന ശേഷിയുള്ള നൈട്രോഗ്ലിസറിൻ എന്ന ദ്രാവകം കണ്ടെത്തിയ അസ്കാനിയോ സൊബ്രെറോയുമായി പരിചയപ്പെട്ടു. ഏറ്റവും അപകടകരമാണെങ്കിലും ആൽഫ്രെഡ് ഈ ദ്രാവകത്തിൽ ഏറെ താത്പര്യം കാണിച്ചു. വൈകാതെ അദ്ദേഹം റഷ്യയിലേക്കു മടങ്ങി.
ക്രിമിയൻ യുദ്ധത്തിന്റെ ഫലമായി റഷ്യയിൽ നിൽക്കാൻ വയ്യാതെയായി വീണ്ടും സ്വീഡനിലേക്കുതന്നെ തിരിച്ചു. തിരിച്ചെത്തി തന്റെ പരിക്ഷണം തുടർന്നു. നൈഡ്രോഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിക്കുകയും ഫാക്ടറിക്കു തീപിടിക്കുകയും അദ്ദേഹത്തിന്റെ സഹോദരനടക്കം 5 പേർ മരിക്കുകയും ചെയ്തു. 1866-ൽ ശുദ്ധമായ മണല് ചേര്ത്ത് നൈട്രോഗ്ലിസറിനെ ഒരാവസ്ഥയിൽ സൂക്ഷിക്കാമെന്ന് അദ്ദേഹം കണ്ടത്തി.
ഡൈനാമിറ്റ് എന്ന പേരിൽ ഈ പുതിയ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് നേടി. ഡൈനാമിറ്റ് വച്ച് എന്തിനെയും തകർക്കാമെന്നായതോടെ അതിന് ആവശ്യക്കാർ അനവധിയായി. ഇതോടെ വളരെ പെട്ടെന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരന്മാരിൽ ഒരാളായി മാറി. ഉരുക്കുനിർമ്മാണ കമ്പനിയായ ബോഫോഴ്സിനെ ആയുധനിർമ്മാണ മേഖലയിലേക്കു തിരിച്ചതും നോബലാണ്. 1894 മുതൽ 1896 വരെ ഈ കമ്പനി നോബലിന്റെ ഉടമസ്ഥതയിലായിരുന്നു. 1999-ൽ Saab AB എന്ന കമ്പനി ബോഫോഴ്സ് വാങ്ങി. 355 പേറ്റന്റുകൾ ആൽഫ്രഡിന്റെ പേരിലുണ്ട്. പക്ഷേ, തന്റെ കണ്ടുപിടിത്തം മാനവരാശിക്കുതന്നെ ദുരന്തമായി മാറുന്നു എന്നു മനസ്സിലാക്കിയതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. തന്റെ സമ്പാദ്യം മുഴുവൻ (വില്പത്ര പ്രകാരം 94% സ്വത്ത്) മെഡിക്കൽ ഭാഷ, സമാധാനം, ഫിസിക്സ്, കെമിസ്ട്രി എന്നീ മേഖലകളിലെ നിസ്തുല സേവനം നടത്തുന്നവർക്കിടയിൽ സമ്മാനമായി നൽകുവാൻ അദ്ദേഹം നിർദ്ദേശിച്ചു. ഈ പുരസ്കാരങ്ങൾ നോബൽ സമ്മാനം എന്ന പേരിൽ അറിയപ്പെടുന്നു. 1969-ൽ ബാങ്ക് ഓഫ് സ്വീഡൻ നോബലിന്റെ സ്മരണാർത്ഥം സാമ്പത്തിക മേഖലകൂടി ഉൾപ്പെടുത്തി. 1896 ഡിസംബർ 10-ന് ആൽഫ്രഡ് അന്തരിച്ചു. 1901-ൽ ആദ്യത്തെ നോബൽ സമ്മാനം പ്രഖ്യാപിച്ചു.
Comments are closed.