DCBOOKS
Malayalam News Literature Website

അടൂര്‍ ഭാസിയുടെ ജന്മവാര്‍ഷികദിനം

മലയാള സിനിമയിലെ ഹാസ്യ രംഗങ്ങള്‍ക്ക് കേരളീയ സംസ്‌കാരം കൊണ്ടുവന്ന നടനായിരുന്നു അടൂര്‍ ഭാസി എന്ന കെ ഭാസ്‌ക്കരന്‍ നായര്‍. മലയാള സിനിമയില്‍ ഹാസ്യത്തെ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കൊണ്ടു വന്ന നടന്‍മാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.  കേവലം ഹാസ്യനടനായിരുന്നില്ല അടൂര്‍ ഭാസി, ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭയായിരുന്നു അദ്ദേഹം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായി അദ്ദേഹം സിനിമാലോകത്ത് നിറഞ്ഞുനിന്നു.

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ഇ വി കൃഷ്ണപിള്ളയുടെയും മഹേശ്വരി അമ്മയുടെയും മക്കളില്‍ നാലാമനായി 1927 മാര്‍ച്ച് 1 നാണ് അടൂര്‍ ഭാസി ജനിച്ചത്. മലയാള നോവല്‍ സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായ സി വി രാമന്‍പിള്ള അടൂര്‍ ഭാസിയുടെ മുത്തശ്ശനായിരുന്നു. അച്ഛന്റെ ആകസ്മിക നിര്യാണത്തോടെ, പത്തനംതിട്ട ജില്ലയിലെ അടൂരിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു.

ഭാസിയുടെ ചെറുപ്പം തിരുവനന്തപുരത്തായിരുന്നു. പഠിച്ചത് എം ജി കോളജില്‍. തിരുവനന്തപുരത്തെ ആകാശവാണിയില്‍ ജോലി ലഭിച്ചു. അവിടെ വച്ചാണ് ടി എന്‍ ഗോപിനാഥന്‍നായരെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലിറങ്ങിയ സഖി വാരികയില്‍ ജോലി ചെയ്തു. ഭാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ്. പ്രസിദ്ധ നാടകാചാര്യന്മാരായ പി.കെ. വിക്രമന്‍ നായര്‍, ടി.ആര്‍. സുകുമാരന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി എന്നിവരോടൊപ്പം ഭാസി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരമാലയാണ് ആദ്യ സിനിമ. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ ഭാസി സിനിമയില്‍ ചുവടുറപ്പിച്ചു. പിന്നീട് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ചട്ടക്കാരി, ലങ്കാദഹനം, ഏപ്രില്‍ 18, നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയം, കാട്ടുകുരങ്ങ്, അമ്മയെ കാണാന്‍, കറുത്ത കൈ, വിരുതന്‍ ശങ്കു, ലോട്ടറി ടിക്കറ്റ്, സ്ഥാനാര്‍ത്ഥി സാറാമ്മ, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, കള്ളന്‍ പവിത്രന്‍, ധര്‍മ്മയുദ്ധം തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലൂടെ ഭാസി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമായി.

ജോണ്‍ ഏബ്രഹാം ചിത്രമായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെ അടൂര്‍ ഭാസി നായകനായി. അതിലെ അഭിനയത്തിന് അവാര്‍ഡും ലഭിച്ചു. ചട്ടക്കാരിയിലെ മെക്കാനിക്ക്, ഏപ്രില്‍ 18ലെ അഴിമതി നാറാപിള്ള എന്നിവ മികച്ച വേഷങ്ങളാണ്. നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയം തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല.

കരിമ്പന, ഇതാ ഒരു മനുഷ്യന്‍ തുടങ്ങിയ അപൂര്‍വം ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെയാണ് ഭാസി അവതരിപ്പിച്ചത്. കൊട്ടാരം വില്‍ക്കാനുണ്ട്, ലങ്കാദഹനം തുടങ്ങിയ ചില ചിത്രങ്ങളില്‍ ഭാസി ഇരട്ട റോളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വൃക്ക രോഗബാധയെ തുടര്‍ന്ന് 1990 മാര്‍ച്ച് 29-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.