ശ്രീദേവിയുടെ ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്നു ശ്രീദേവി. വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവിയുടെ വേര്‍പാട് ഇനിയും സിനിമാലോകത്തിന് വിശ്വസിക്കാനായിട്ടില്ല.
1963 ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലെ ശിവകാശിയിലായിരുന്നു ശ്രീദേവിയുടെ ജനനം. തന്റെ നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980കളിലാണ് നായികാവേഷത്തില്‍ തിളങ്ങുന്നത്. 1970-ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ഭരതന്‍ ചിത്രമായിരുന്നു ശ്രീദേവിയുടെ ആദ്യ മലയാള ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ദേവരാഗം, കുമാരസംഭവം, സത്യവാന്‍ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. മൂണ്ട്ര് മുടിച്ച്,ഗായത്രി, ഹിമ്മത്‌വാല, നാഗിന, ജൂലി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായിക ശ്രീദേവിയായിരുന്നു.
1997-ല്‍ അഭിനയ ജീവിതത്തിന് താത്കാലിക ഇടവേള നല്‍കിയ ശ്രീദേവി ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 2013-ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി ഭാരതം ഇവരെ ആദരിച്ചിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ മോം ആണ് ശ്രീദേവിയുടെ അവസാന ചിത്രം.
2018 ഫെബ്രുവരി രണ്ടിന് ദുബായില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിതവിയോഗം. സിനിമാ നിര്‍മ്മാതാവായ ബോണി കപൂറാണ് ഭര്‍ത്താവ്, ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍.
Comments are closed.