ബാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്
ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഭൂരിഭാഗം ബാറുടമകളെയും വഞ്ചിച്ച സി.പി.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു.
കെ.എം മാണിയും സി.പി.എമ്മും തമ്മില്‍ കൈകോര്‍ക്കാന്‍ നീക്കം നടത്തുമ്പോഴാണ് ബാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശിന്റെ കടന്നുവരവ്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലും ബാര്‍ കോഴക്കേസും ഇടതു മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയിരുന്നു. അന്ന് നടത്തിയ ചര്‍ച്ചയില്‍ ബാറുകളെല്ലാം തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബാര്‍ കോഴക്കേസില്‍ മൊഴി നല്‍കാന്‍ തയ്യാറായ ബാറുടമകളില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുക്കുന്നില്ലെന്നും ബിജു രമേശ് ആരോപിക്കുന്നു. 26 യുഡിഎഫ് എംഎല്‍എമാരുടെ അനധികൃത സ്വത്തു സമ്പാദത്തിന്റെ വിവരങ്ങള്‍ കൈവശമുണ്ടെന്നും ബിജുരമേശ് അവകാശപ്പെട്ടു .
Comments are closed.