ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
”ഉടലുകള്‍ പറിച്ചെറിഞ്ഞ്
കിതക്കുന്ന നിന്നരികില്‍
ഇനിയെന്തിന്
മറ്റൊരു കവിത?”
കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായിരുന്നു. 2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു.
ആറ് കവിതപുസ്തകങ്ങളും രണ്ട് പഠനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്‍പതിലധികം പുസ്തകങ്ങളുടെ രൂപകല്പന നിർവ്വഹിച്ചു. നിരവധി സോളോ എക്‌സിബിഷനുകളും ബിജു കാഞ്ഞങ്ങാട് സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉള്ളനക്കങ്ങള്‍-പ്രണയകവിതകള്‍, മഴയുടെ ഉദ്യാനത്തില്‍, മഞ്ഞ:വാന്‍ഗോഗ് ധ്യാനങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്കാരം, മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വാക്കിന്റെ മുനയെങ്ങാനേശിയാല്‍ പിഞ്ഞിപ്പോകുന്ന മുഗ്ദ്ധതകളെയാണ് താന്‍ ആവിഷ്‌കരിക്കുന്നതെന്ന വാഗ്‌വിവേകം ബിജു കാഞ്ഞങ്ങാടിനുണ്ടായിരുന്നു. അതിനാല്‍ വാക്കും മൗനവും ചേര്‍ത്തുനെയ്തലുബ്ധവും കണിശവുമായ ആവിഷ്‌കാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകളും.
കവിതയില്‍ നിത്യവിശ്രമം കൊള്ളുന്ന കവിക്ക് ആദരാഞ്ജലികള്‍…
Comments are closed.