‘ബൈസിക്കിള്‍ റിയലിസം’; ബി.മുരളിയുടെ കഥകള്‍
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബി.മുരളിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് ബൈസിക്കള്‍ റിയലിസം. നവീനമായ ആഖ്യാനരീതിയും വ്യത്യസ്തമായ ഭാവതലങ്ങളും ബി.മുരളിയുടെ കഥകളെ ആധുനിക കഥാസാഹിത്യത്തില്‍ വേര്‍തിരിച്ചുനിര്‍ത്തുന്നു. ബൈസിക്കള്‍ റിയലിസം, വേലായുധനാശാന്‍; ഒരുതിരുത്ത്, ഗ്രഹാംബെല്‍, ഗ്രഹാംബെല്‍, ജഡങ്ങളില്‍ നല്ലവന്‍, കത്തി, പത്മാവതി ടീച്ചര്‍, വാഴക്കൂമ്പ്, വാതില്‍ക്കലെ കള്ളന്‍, അന്നരായപുരയില്‍ ഒരു പശു, ഭൂമിജീവശാസ്ത്രം, കരസഞ്ചാരം എന്നീ 11 ചെറുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈസിക്കള്‍ റിയലിസത്തിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
കഥാസമാഹാരത്തെക്കുറിച്ച് അജയ് പി.മങ്ങാട്ട് എഴുതുന്നു…
തോമസ് ബെര്‍ണാഡിന്റെ ‘ബയോഗ്രഫി ഓഫ് പെയിന്‍’ എന്ന കവിതയിലെ ‘ഞാന്‍ ഇന്നലെ ഉറങ്ങിയേടം ഇന്നു വിശ്രമദിനമാണ്. കവാടത്തിനു പുറത്തു കസേരകള്‍ ഒന്നിനുമീതേ മറ്റൊന്നായി അട്ടിവച്ചിരിക്കുന്നു. ഒരാളും, എന്നെപ്പറ്റി ചോദിച്ചപ്പോള്‍, എന്നെ കണ്ടിട്ടില്ല’ എന്ന ഭാഗം വായിച്ചു. ആ വാക്യങ്ങളില്‍ ഒരു കഥ ചിറകടിക്കുന്നതായി എനിക്കു തോന്നി. ഇപ്രകാരം ഒരു വാക്യംകൊണ്ടോ ഒരു സംഭവംകൊണ്ടോ നമ്മുടെ ഉള്ളില്‍ പുതിയ വിചാരങ്ങള്‍ ഉണര്‍ത്തുന്ന പ്രകൃതം ബി. മുരളിയുടെ കഥകള്‍ക്കും ഉണ്ടല്ലോ എന്ന് ഞാനോര്‍ത്തു. ഉദാഹരണത്തിനു ‘ജഡങ്ങളില്‍ നല്ലവന്‍’ എന്ന കഥ. ആ തലക്കെട്ടുമുതല്‍ ഉണ്ടാക്കുന്ന അലകള്‍, പക്ഷിക്കൂട്ടം ഒരുമിച്ചു പറന്നുയരുമ്പോഴുള്ള ഉടല്‍മര്‍മ്മരംപോലെ ഒരു മൃദുകമ്പനം മുരളിയുടെ പുസ്തകത്തിന്റെ സ്വഭാവവിശേഷമാണ്.
‘ജഡങ്ങളില്‍ നല്ലവന്‍’ കടല്‍ത്തീരത്ത് ഒരു പുലരിയില്‍ വന്നടിഞ്ഞ വൃത്തിയുള്ള ഒരു ശവത്തിന്റെ കഥയാണ്. ശവത്തിന്റെ ‘വൃത്തിയും മാലിന്യവും’ ജഡത്തിന്റെ ‘നന്മയും തിന്മയും’ ശവങ്ങളില്‍ ‘സുന്ദരവും അസുന്ദരവും’ ഇമ്മാതിരി ദ്വന്ദ്വങ്ങളെല്ലാം നിങ്ങള്‍ വായനക്കാര്‍ തരംപോലെ സങ്കല്പിച്ചോണം. അതേ
സമയം ഇതു പരമദരിദ്രനും പരാജിതനുമായ ഒരു ചെറുപ്പക്കാരന്റെ നൈരാശ്യങ്ങളുടെയും ചിത്രീകരണമാണ്. മീന്‍പിടിത്തവള്ളങ്ങള്‍ അടുക്കുന്ന തീരത്ത് രാവിലെ അശ്രീകരമായി അടിഞ്ഞ ശവം കരക്കാര്‍ വീണ്ടും കടലിലേക്കു വലിച്ചെറിയുന്നു. അതിനുമുമ്പേ അതിലേ വന്ന തുറയിലെ പെണ്ണുങ്ങള്‍ വെള്ളമുണ്ടുടുത്ത ആ ശവത്തിനു ചുറ്റുംനിന്ന് വര്‍ത്തമാനം പറയുന്നുണ്ട്. ഉടുക്കാന്‍ കൊള്ളാവുന്ന ഒരു കൈലിപോലുമില്ലാതെ തീരത്തു തെണ്ടുന്ന യുവാവാണ് ഈ കാഴ്ചകളെല്ലാം കാണുന്നത്. അവന് ഒരു പണിയുമില്ല. അതാണ് അവന്റെ പ്രശ്‌നം. പെണ്ണുങ്ങളിലൊരാള്‍ ശവം നല്ലൊരു ചെറുപ്പക്കാരന്റേതാണല്ലോ എന്ന് അടുത്തുപോയി നോക്കി നെടുവീര്‍പ്പിടുന്നുണ്ട്. എന്നാല്‍, കടലിലേക്കു മടക്കിവിടുന്ന ശവം കരയിലേക്കുതന്നെ തിരിച്ചുവന്ന് യുവാവിന്റെ കാലില്‍ തടയുകയാണു കഥാന്ത്യത്തില്‍. അവിടെ വായനക്കാരന്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രവൃത്തിയാണ് ആ ചെറുപ്പക്കാരന്‍ ചെയ്യുന്നത്. ശവത്തിന്റെ വെള്ളമുണ്ട് അഴിച്ചെടുത്തു കടല്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു കാറ്റിനു നേരേ പിടിച്ചു കുടയുന്നു. എന്നിട്ട് അതുടുത്താണു യുവാവ് കൂരയിലേക്ക് പോകുന്നത്. നല്ലവന്‍ എന്ന പദത്തിന്റെ പൊരുള്‍ നാം മനസ്സിലാക്കുന്നു. വലിയ യുദ്ധകാലത്ത് മരിച്ചുവീഴുന്ന സൈനികന്റെ ബൂട്ടും തോക്കുമടക്കം സാധനങ്ങള്‍ പിന്നാലെയെത്തുന്ന പട്ടാളക്കാരന്‍ എടുക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. ഗുന്തര്‍ ഗ്രാസ് അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ശവത്തിന്റെ കാലില്‍ ഒരു ബൂട്ട് മാത്രം കാണുമ്പോഴുള്ള നൈരാശ്യം വിവരിക്കുന്നുണ്ട്; കഷ്ടം മറ്റേ ബൂട്ടുകൂടി ഉണ്ടായിരുന്നുവെങ്കില്‍!
നര്‍മ്മകൗശലങ്ങളുടെ മിന്നലുകള്‍ പായുന്ന ആഖ്യാനമാണു മുരളിയുടേത്. സംസാരഭാഷയുടെ വിവരണരീതിയാണു പ്രിയം. കഥാശൈലിയുടെ തെളിച്ചത്തിനു കാരണമതാണ്. ‘ബൈസിക്കിള്‍ റിയലിസം’ എന്ന കഥ എടുക്കുക. തലക്കെട്ടില്‍നിന്ന് ഉടന്‍ വിരചിതമാകുന്ന ‘മാജിക്കല്‍ റിയലിസം’ വായനക്കാരെ ഒന്നു പറ്റിക്കാനാണ്. അത് അവര്‍ക്കു പല ചിന്തകള്‍ നല്കുമെങ്കിലും ഇതു വേലായുധനാശാന്റെ കഥയാണ്. അതായത് അയാളുടെ ജീവിതത്തിലെ മിസ്സിങ്ങായ അഞ്ചെട്ടു കൊല്ലങ്ങളുടെ രഹസ്യം അന്വേഷിച്ചുപോകുന്നതാണ്. ഈ വേലായുധനാശാന്‍ ഒരു സൈക്കിള്‍പ്രേമിയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുനിന്നുള്ള രണ്ടു പുരാതനമായ സൈക്കിളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അദ്ദേഹം കുറെക്കാലം ബ്രിട്ടീഷ് ബോംബെയില്‍ ജീവിച്ചു. അവിടെനിന്ന് രണ്ടാം ലോകയുദ്ധകാലം ബ്രിട്ടനിലേക്കും പോയി. മടങ്ങിവന്നത് ഒരു സൈക്കിളുമായിട്ടാണ്. ബ്രിട്ടനിലെ ജീവിതകാലത്ത് അദ്ദേഹത്തിന് ബ്രിട്ടന്റെ ബോംബുഫാക്ടറിയില്‍ ആയിരുന്നു ജോലി. ഫാക്ടറിയില്‍നിന്നുള്ള ബോംബുകള്‍ സൈക്കിളിന്റെ പിന്നില്‍വച്ച് അദ്ദേഹം പോര്‍ വിമാനങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. മുരളിയുടെ കഥയിലെ സൈക്കിളില്‍ കൊണ്ടുപോയ കാര്‍പ്പെറ്റ്‌ബോംബുകളെപ്പറ്റി വായിച്ചപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ്മവന്നത് മറ്റൊരു സൈക്കിള്‍ ദൃശ്യമാണ്. അത് തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലേക്ക് ഒരാള്‍ ഒരു മിസൈല്‍ സൈക്കിളിനു പിന്നില്‍ കെട്ടിവച്ച് കൊണ്ടുപോകുന്നതിന്റെ ഒരു പഴയ ഫോട്ടോഗ്രാഫാണ്. വായനക്കാര്‍ കാണാന്‍പോകുന്ന ഒരു കാര്യം, ഈ ബൈസിക്കിള്‍ റിയലിസത്തിന് ഒരു രണ്ടാം ഭാഗമുണ്ട്. അത് ഈ വര്‍ഷമുണ്ടായതാണ്. വേലായുധനാശാന്റെ ജീവചരിത്രത്തിലെ മിസ്സിങ്ങായ വര്‍ഷങ്ങള്‍ തിരഞ്ഞവര്‍ ആദ്യം അദ്ദേഹത്തെ വിശ്വസ്തവിധേയനായ ബ്രിട്ടീഷ് ജോലിക്കാരന്‍മാത്രമാക്കി ചുരുക്കിയെങ്കില്‍, വിശദമായ തുടരന്വേഷണം മറ്റുചില രഹസ്യങ്ങള്‍കൂടി പുറത്തുകൊണ്ടുവന്നു. അതില്‍ വേലായുധനാശാന്‍ പരമബുദ്ധിമാനായ ഒരു സ്‌പൈ ആണ്. ജര്‍മ്മന്‍ ചാരന്‍. ബ്രിട്ടീഷ് രഹസ്യം ജര്‍മ്മനിക്കു ചോര്‍ത്തിക്കൊടുത്തശേഷം രണ്ടാം ലോകയുദ്ധാന്ത്യം സൂത്രത്തില്‍ ഇന്ത്യയിലേക്കു മുങ്ങിയ വിദഗ്ധന്‍. നേതാജിയുടെ സംഘം ചെയ്തതുപോലെ അച്ചുതണ്ടുശക്തികളുടെ കൂടെനിന്ന് ബ്രിട്ടനെ തറപറ്റിക്കാനായുള്ള ഒരു ബദല്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിലെ വീരസേനാനിയായിരുന്നുവത്രേ ആശാന്‍.
നൊബേല്‍ സമ്മാനജേതാവായ ഗുന്തര്‍ ഗ്രാസ് ശക്തമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെകൂടി വക്താവായിരുന്നു. അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ മിസ്സിങ്ങായ കുറെ വര്‍ഷങ്ങളെപ്പറ്റി അദ്ദേഹം ജീവിതാവസാനകാലത്ത് എഴുതിയ ഒരു പുസ്തകം വായനാലോകത്തെ അമ്പരപ്പിക്കുകയുണ്ടായി. ‘പീലിങ് ദ് ഒനിയന്‍’ എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ അദ്ദേഹം തനിക്കു 18 വയസ്സുള്ളപ്പോള്‍ നാത്‌സിപ്പടയില്‍ ചേര്‍ന്നു യുദ്ധംചെയ്യാന്‍ പോയതിനെപ്പറ്റിയാണു തുറന്നെഴുതിയത്. എഴുത്തുകാരന്‍ ജീവിതകാലമത്രയും ഒളിപ്പിച്ചുവച്ച നാത്‌സിബന്ധം എല്ലാവര്‍ക്കും ഞെട്ടലായിരുന്നു. യുദ്ധകാലത്തു താനും നാത്‌സിയായിരുന്നുവെന്ന എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ അതുവരെയുള്ള ഗുന്തര്‍ ഗ്രാസിനെ പൊളിച്ചെഴുതിയതുപോലെയാണു നാം നഷ്ടവര്‍ഷങ്ങള്‍ തിരയുന്നിടത്തെല്ലാം സംഭവിക്കുന്നത്. ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ വ്യാഖ്യാനമാണ്. ആ വ്യാഖ്യാനത്തിലെ ചില ശൂന്യതകളാണു പുതിയ ആഖ്യാനങ്ങള്‍ക്ക് ഇടമുണ്ടാക്കുന്നത്. കഥാകൃത്ത് ഇത്തരം ഇടങ്ങളില്‍ കൗതുകകരമായ നിര്‍മമതയോടെയാണു പുതിയ വിവരണങ്ങള്‍ നല്കുന്നത്.
നല്ല വായനക്കാര്‍ക്കു സാഹിത്യത്തില്‍ മാത്രമാണു താല്പര്യം, സാഹിത്യസിദ്ധാന്തങ്ങളിലല്ല. സാഹിത്യസിദ്ധാന്തങ്ങളെ മുന്‍നിര്‍ത്തിയുള്ള ആസ്വാദനം ഏതൊരു കലാസൃഷ്ടിയുടെയും രസഭാവത്തെ ഇല്ലാതാക്കും. മലയാളകഥയിലെ വരണ്ട സൈദ്ധാന്തികതയ്ക്കും പ്രതിബദ്ധതാവിചാരങ്ങള്‍ക്കും എതിരായ ആഖ്യാനസരളത മുരളിയുടെ കഥകളുടെ സുഗമവായന സാധ്യമാക്കുന്നു, ഒരു കഥ പറഞ്ഞുകേള്‍ക്കുന്നതിന്റെ പ്രസന്നതമൂലം മനോഹരമായിത്തീര്‍ന്നതാണ് ‘കത്തി’, ‘വാഴക്കൂമ്പ്’എന്നീ കഥകള്‍.
‘വാഴക്കൂമ്പി’ലെ വാഴക്കൂമ്പ് ബഷീറിന്റെ കഥയിലെ പൂവന്‍പഴംപോലെയല്ല. വ്യത്യാസം എന്താണെന്നുവച്ചാല്‍ ബഷീറില്‍ ഭാര്യയെ ഭര്‍ത്താവ് പൂവമ്പഴമാണെന്നു പറഞ്ഞ് ഓറഞ്ച് തീറ്റിക്കുന്നതും അവളെ അടിക്കുന്നതും ദാമ്പത്യനിര്‍മ്മിതിയെ സഹായിക്കുന്നു. അല്ലെങ്കില്‍ അതു സ്‌നേഹപ്രേരിതമായ ഒരു നാടകീയതയായിരുന്നുവെന്നു കരുതാം. ‘വാഴക്കൂമ്പി’ലാകട്ടെ വാഴക്കൂമ്പുതോരന്‍ ഒരു കറിയല്ല, ദാമ്പത്യനാശിനിയാണ്. അതുണ്ടാക്കുന്ന അടുക്കളദാമ്പത്യത്തെ അപനിര്‍മ്മിക്കുകയും അതു കെട്ടിപ്പൊക്കിയ മേടയിലെ അലങ്കാരങ്ങളെ ഉടച്ചുകളയുകയും ചെയ്യുന്നു. നൊസ്റ്റാള്‍ജിയയെ പുച്ഛിക്കുന്ന എല്ലാവരും ഒരിക്കല്‍ അതിന്റെ ഇരയായിത്തീരും എന്ന ഗുണപാഠം ഈ കഥയിലുണ്ടെന്നുപോലും കരുതാം.
‘കത്തി’ എന്ന കഥയില്‍ ഇരുട്ടില്‍ തിളങ്ങുന്ന കത്തി കഥയുടെ അന്ത്യത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ വാന്‍ഗോഗിന്റെ ചെവി മുറിച്ച കത്തിയായി മാറുകയാണ്. എന്തിനാണ് കഥാകൃത്ത് വാന്‍ഗോഗിന്റെ ചെവിയെ ആ കഥയുടെ അവസാനത്തിലെ ടിപ്പണിയായി കൊണ്ടുവന്നതെന്ന് ഞാന്‍ ആലോചിച്ചു. ആ തന്ത്രം എന്തായാലും ഗൂഢമായ ദുഃഖം എല്ലാ കഥകള്‍ക്കും ഒരു ഭാരമുണ്ടാക്കുന്നതായി തോന്നും. ഹീനമായ സ്‌നേഹരാഹിത്യവും നിരാശ്രയത്വവും നിറഞ്ഞ ലോകത്ത് കഥകള്‍ ഇങ്ങനെയൊക്കെയാണ് എന്നാണോ? മറ്റൊരാള്‍ക്ക് ഏറ്റ കത്തിക്കുത്തിന്റെ മുറിവു ഞാന്‍ ഒരു കല്പിതകഥയായി, ബോറടിക്കാതെ വായിക്കും എന്ന് തോമസ് ബെര്‍ണാഡ് പറയുന്നുണ്ട്. ഇത്തരം പല വലിപ്പത്തിലുള്ള നീറുന്ന മുറിവുകളുടെ കഥകളാണ് ഈ പുസ്തകം. ഓരോന്നും പരാജയമോ നൈരാശ്യമോ മൂകതയോ കൊണ്ടുവരുന്നു. ഏതു വിഭവമാണു പ്രിയമെന്നു വായനക്കാര്‍ തിരഞ്ഞെടുക്കട്ടെ. ഒന്നേ പറയാനുള്ളൂ: ബി. മുരളിയുടെ കഥയില്‍ പറയുന്നതുപോലെ, ‘വെന്തെന്നു മനസ്സിലാക്കുന്ന വാഴക്കൂമ്പുപാത്രം അടച്ചുവയ്ക്കരുത്. വെള്ളം തോര്‍ത്തിയെടുക്കണം. കാരണം, തോരന്‍ എന്നു പറഞ്ഞാല്‍ അതൊരു വറവാണ്.’
Comments are closed.